വ്യാജകോളുകള്‍ എടുക്കരുത് ; പണം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പുമായി പൊലീസ്

Mobile

തിരുവനന്തപുരം: വിദേശത്തു നിന്നെത്തുന്ന വ്യാജകോളുകള്‍ എടുക്കരുതെന്ന് മുന്നറിയിപ്പുമായി പൊലീസ്. സംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങളുടെ ഫോണുകളിലേയ്ക്ക് ഉള്‍പ്പെടെ കോളുകള്‍ എത്തിയതോടെയാണ് പൊലീസ് ജാഗ്രതാ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്.

+59160940305, +59160940365, +59160940101, +59160940993 തുടങ്ങിയ നമ്പറുകളില്‍ നിന്നായിരുന്നു മിസ്ഡ് കോള്‍. ഇതു കണ്ടു തിരികെ വിളിച്ചവരുടെ ഫോണിലെ ബാലന്‍സ് നഷ്ടപ്പെട്ടു. മിസ്ഡ് കോള്‍ ഗൗനിക്കാത്തവര്‍ക്കു വീണ്ടും പലവട്ടം കോളുകളെത്തി. അറ്റന്‍ഡു ചെയ്തവര്‍ക്ക് ഇംഗ്ലിഷില്‍ പച്ചത്തെറി കേള്‍ക്കേണ്ടിയും വന്നു. ഇങ്ങോട്ടു വന്ന വിളി അറ്റന്‍ഡു ചെയ്തവര്‍ക്കും ഫോണില്‍ നിന്നു പണം നഷ്ടപ്പെട്ടതായും പൊലീസുകാര്‍ അറിയിച്ചു.

പണം പോയവരില്‍ ഉന്നത ഉദ്യോഗസ്ഥര്‍മാര്‍ മുതല്‍ കോണ്‍സ്റ്റബിള്‍മാര്‍ വരെയുണ്ട്. ഇതോടെ കേരള പൊലീസ് ഔദ്യോഗിക ഫെയ്‌സ്ബുക് പേജില്‍ തന്നെ മുന്നറിയിപ്പു നല്‍കി. പൊലീസിന്റെ വാട്‌സാപ് ഗ്രൂപ്പുകളിലും വൈകിട്ടോടെ ജാഗ്രതാ നിര്‍ദേശമെത്തി.

വിദേശത്തു നിന്ന് വ്യാജ കോളുകള്‍ വരുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും +5 ബൊളീവിയ നമ്പരില്‍ നിന്നാണ് ഇവ വരുന്നതെന്നും പൊലീസ് വ്യക്തമാക്കി. +591, +365, +371, +381, +563, +370, +255 എന്നീ നമ്പറുകളില്‍ തുടങ്ങുന്നവയില്‍ നിന്നുള്ള കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്നും, ഈ വ്യാജനമ്പരുകളിലേക്കു തിരികെ വിളിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹൈടെക് സെല്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Top