മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ കള്ളവോട്ട് സ്ഥിരീകരിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കല്യാശേരിയില്‍ മൂന്ന് മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് സ്ഥിരീകരിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ.

ആഷിക് കെ.എം,മുഹമ്മദ് ഫയിസ്, അബ്ദുള്‍ സമദ്, മുഹമ്മദ് കെ എം എന്നിവര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് പരാതി ഉയര്‍ന്നത്. ഇതില്‍ മൂന്നുപേര്‍ കള്ളവോട്ട് ചെയ്തുവെന്നാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ആഷിക് എന്നയാള്‍ കള്ളവോട്ട് ചെയ്ത കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. വ്യക്തത വരുത്താന്‍ ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും ടിക്കാറാം മീണ പറഞ്ഞു.

കള്ള വോട്ടിന് പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് ബൂത്ത് ഏജന്റാണ്. ബൂത്ത് ഏജന്റ് കള്ള വോട്ടിന് പ്രേരിപ്പിച്ചോയെന്ന് പരിശോധിക്കുമെന്നും കുറ്റം തെളിഞ്ഞാല്‍ ഏജന്റിനെതിരെ കേസെടുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി. സെക്ഷന്‍ 134 പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോയെന്ന് അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. കള്ള വോട്ട് വിഷയത്തില്‍ കലക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിലും അവരും നടപടി നേരിടേണ്ടി വരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പോളിങ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഇതൊന്നും അറിഞ്ഞില്ലെന്നാണ് അവരുടെ വിശദീകരണം. മാധ്യമ റിപ്പോര്‍ട്ടുകളിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നാണ് ഉദ്യോഗസ്ഥര്‍ വിശദീകരണം നല്‍കിയതെന്നും മീണ പറഞ്ഞു.

Top