സംസ്ഥാനത്ത് ഇന്ന് റീപോളിംഗ്; വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ രഹസ്യമാക്കി

കാസര്‍ഗോട്: കള്ളവോട്ടിനെ തുടര്‍ന്ന് കണ്ണൂര്‍, കാസര്‍ഗോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ നടത്തുന്ന റീപോളിംഗിന്റെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ രഹസ്യമാക്കി.

കാസര്‍ഗോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ ഇതോടെ പൊതുജനങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ല. കണ്ണൂര്‍, കാസര്‍ഗോട് കളക്ടര്‍മാര്‍ക്ക് മാത്രമായിരിക്കും ഇവിടത്തെ ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖയാണ് ദൃശ്യങ്ങളെന്നും അതിനാലാണ് രഹസ്യമാക്കി വെച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് വരണാധികാരികള്‍ കൂടിയായ കളക്ടര്‍മാര്‍ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

ഏപ്രില്‍ 23-ന് നടത്തിയ വോട്ടെടുപ്പില്‍ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങള്‍ തത്സമയം വെബ്‌സൈറ്റില്‍ ലഭ്യമായിരുന്നു. www.webcastkeralage2019.com എന്ന വെബ്‌സൈറ്റിലായിരുന്നു ദൃശ്യങ്ങള്‍ ലഭിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ ആ ദൃശ്യങ്ങള്‍ ലഭ്യമാകില്ല. ഏപ്രില്‍ 23-ലെ തെരഞ്ഞെടുപ്പില്‍ നടന്ന പോളിംഗിലെ കള്ളവോട്ട് പ്രധാനമായും പുറത്തുവന്നത് വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളിലൂടെയാണ്.

Top