ഡിസൈന്‍ ചെയ്തത് കോമാളികള്‍, പരിശോധിച്ചത് കുരങ്ങന്‍മാര്‍; വെളിപ്പെടുത്തല്‍

കര്‍ന്നുവീഴലും, സാങ്കേതിക തകരാറുകളും ശീലമാക്കി ബോയിംഗ് കമ്പനിയെ നാണംകെടുത്തിയ 737 മാക്‌സ് വിമാനത്തിന്റെ പ്രശ്‌നങ്ങള്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനില്‍ നിന്നും മറച്ചുവെച്ചെന്ന് വെളിപ്പെടുത്തുന്ന ബോയിംഗ് ജീവനക്കാരുടെ സന്ദേശങ്ങള്‍ കോണ്‍ഗ്രസ് അന്വേഷണ ഉദ്യോഗസ്ഥര്‍ വഴി പുറത്തായി. ‘കഴിഞ്ഞ വര്‍ഷം ഞാന്‍ മറച്ചുവെച്ച ആ പിഴവിന്റെ പേരില്‍ ദൈവം എന്നോട് ഇപ്പോഴും പൊറുത്തിട്ടില്ല’, 2018ല്‍ ഒരു ജീവനക്കാരന്‍ അയച്ച സന്ദേശത്തില്‍ കുറിച്ചു.

ബോയിംഗ് പൈലറ്റുമാരും, മറ്റ് ജീവനക്കാരും തമ്മില്‍ സോഫ്റ്റ്‌വെയര്‍ പ്രശ്‌നങ്ങളുടെ പേരിലും, മാക്‌സിലെ ഫ്‌ളൈറ്റ് സിമുലേറ്ററുടെ പേരിലും നടത്തിയ സന്ദേശകൈമാറ്റങ്ങള്‍ ഇതിലേറെ ഞെട്ടിക്കുന്നതാണ്. ഈ വിമാനം രണ്ട് തവണ, 2018ലും, 2019ലും അപകടത്തില്‍ പെട്ടപ്പോള്‍ 346 പേര്‍ കൊല്ലപ്പെടുകയും ബോയിംഗ് കമ്പനി കുഴപ്പത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു. ഇത്തരം പ്രശ്‌നങ്ങള്‍ കമ്പനി എഫ്എഎയില്‍ നിന്നും മറച്ചുവെച്ചെന്ന് വ്യക്തമാക്കുന്ന ചര്‍ച്ചകളാണ് ജീവനക്കാരുടെ സന്ദേശങ്ങളിലുള്ളത്.

‘മാക്‌സ് സിമുലേറ്റര്‍ ട്രെയിന്‍ ചെയ്ത വിമാനത്തില്‍ നിങ്ങളുടെ കുടുംബത്തെ യാത്ര ചെയ്യാന്‍ അനുവദിക്കുമോ?’ എന്ന ഒരു ജീവനക്കാരന്റെ ചോദ്യത്തിന് ‘ഇല്ല’ എന്ന മറുപടിയാണ് സഹജീവനക്കാര്‍ നല്‍കുന്നത്. 2018ലെ ആദ്യ ബോയിംഗ് 737 മാക്‌സ് അപകടത്തിന് മുന്‍പായിരുന്നു ഈ സന്ദേശങ്ങള്‍. മാക്‌സിന്റെ രൂപകല്‍പ്പന സംബന്ധിച്ചും ജീവനക്കാര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ‘ഈ വിമാനം കോമാളികള്‍ ഡിസൈന്‍ ചെയ്തു, കുരങ്ങന്‍മാര്‍ പരിശോധിക്കുകയും ചെയ്തതാണ്’, 2017ല്‍ ഒരു ജീവനക്കാരന്‍ എഴുതി.

ബോയിംഗ് കമ്പനിയെ നാണക്കേടില്‍ ചാടിച്ചതിന് പുറമെ ലക്ഷക്കണക്കിന് ഡോളര്‍ നഷ്ടവും, ആഗോള ഏവിയേഷന്‍ മേഖലയ്ക്കും ഞെട്ടലും സമ്മാനിച്ച ശേഷമാണ് ജീവനക്കാരുടെ ആശയവിനിമയങ്ങള്‍ പുറത്തുവരുന്നത്. രണ്ട് അപകടങ്ങള്‍ നടന്നതോടെ മാക്‌സ് വിമാനങ്ങള്‍ പറക്കല്‍ അവസാനിപ്പിച്ച് നിലത്തിറക്കി. വിമാനത്തിനായി വികസിപ്പിച്ച സോഫ്റ്റ്‌വെയറാണ് രണ്ട് അപകടങ്ങളിലും വില്ലനായത്. അത് അപ്‌ഡേറ്റ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എങ്ങും എത്തിയിട്ടില്ല. കൂടാതെ വിമാനത്തിന് ദിവസേന ഓരോ പുതിയ പ്രശ്‌നങ്ങളും കമ്പനിയും, റെഗുലേറ്ററും കണ്ടെത്തി വരികയാണ്. അതുകൊണ്ട് തന്നെ മാക്‌സ് അടുത്തകാലത്തൊന്നും പറക്കാന്‍ ഇടയില്ല.

Top