യുക്രെയ്‌നില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും

ബെംഗളൂരു: യുക്രെയ്‌നിലെ കാര്‍കീവില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും.

തിങ്കളാഴ്ച  3 മണിയോടെയാണ് നവീന്റെ ഭൗതികശരീരം ബെംഗളൂരുവിലെ വിമാനത്താവളത്തിലെത്തുന്നത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്.

നവീന്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി മൃതദേഹം നാട്ടിലെത്തിക്കണമെന്ന് പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ യുക്രെയ്ന്‍ അധികൃതരുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഹര്‍കീവിലെ മെഡിക്കല്‍ സര്‍വകലാശാലയിലാണ് നിലവില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

കര്‍ണാടകയിലെ ഹവേരി ജില്ലയിലെ ചാലഗേരി സ്വദേശിയാണ് 21കാരനായ നവീന്‍. യുക്രെയ്‌നിലെ കാര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിയാണ്.

 

Top