മധ്യവയസ്‌കന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി; പൊലീസ് അന്വേഷണം തുടങ്ങി

deadbody

മലപ്പുറം: മലപ്പുറം പൂക്കിപറമ്പില്‍ മധ്യവയസ്‌കന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തെന്നല അറക്കല്‍ സ്വദേശി ശശിയുടെ മൃതദേഹം വെള്ളിയാഴ്ച്ചയാണ് ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തിയത്.

രണ്ടു ദിവസം പഴക്കമുള്ള നിലയിലാണ് വെളളിയാഴ്ച വൈകീട്ട് ആറ് മണിയോടെ പൂക്കിപ്പറമ്പ് മണ്ണാര്‍പ്പടി അപ്ല ചോലക്കുണ്ടില്‍ ശശിയുടെ മൃതദേഹം കണ്ടെത്തിയത്. നാല്‍പ്പത്തിയഞ്ച് വയസാണ് പ്രായം. 70 അടിയോളം താഴ്ചയിലുള്ള പറമ്പിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. പൂര്‍ണമായും നഗ്‌നമായ നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ പരിക്ക് പറ്റിയ പാടുകളുണ്ട്.

സ്ഥലം ഉടമ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തിരൂരങ്ങാടി പൊലീസ് എത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പ്രദേശത്ത് പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയിട്ടില്ല. ജില്ലാ പൊലീസ് മാധാവി എസ് സുജിത്ത് ദാസിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

മലപ്പുറത്തുനിന്നും വിരലടയാള, ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ചൊവ്വാഴ്ച മുതല്‍ ശശിയെ കാണാതായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിവാഹമോചിതനായ ശശി ഏറെ നാളായി ഒറ്റക്കാണ് കഴിഞ്ഞിരുന്നത്.

 

Top