മൃതദേഹം 15 മണിക്കൂര്‍ വാര്‍ഡില്‍ ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ കോവിഡ് ചികിത്സക്കിടയില്‍ മരിച്ച 52 കാരന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാതെ 15 മണിക്കൂര്‍ 28ാം വാര്‍ഡില്‍ കിടത്തിയെന്ന പരാതിയില്‍ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ അന്വേഷണം നടത്തി നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. ഇക്കഴിഞ്ഞ 12 നാണ് രോഗി മരിച്ചത്. സൈക്യാട്രി, ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍മാരാണ് 28ാം വാര്‍ഡില്‍ അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. രോഗി മരിച്ചതോടെ മൃതദേഹം വാര്‍ഡിന്റെ ഒരു മൂലയിലേക്കു മാറ്റിയ ശേഷം 15 മണിക്കൂര്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയില്‍ പറയുന്നു.

ബന്ധുക്കളും രോഗികളും ബഹളം കൂട്ടിയതിനെ തുടര്‍ന്നാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയത്. 28ാം വാര്‍ഡിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ സംബന്ധിച്ച് മെഡിക്കല്‍കോളേജ് അധികൃതര്‍ അന്വേഷണം നടത്തി മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. 28ാം വാര്‍ഡിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടന്നും പരാതിയില്‍ പറയുന്നു.

Top