കണ്ണീര്‍ മഴയില്‍ മാര്‍ട്ടിനും കുടുംബത്തിനും കാവാലിയുടെ യാത്രാമൊഴി

കൂട്ടിക്കല്‍: ഉരുള്‍പൊട്ടലില്‍ മരിച്ച ഒരു കുടുംബത്തിലെ ആറു പേരുടെയും മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി എത്തിച്ചു. കൂട്ടിക്കല്‍ കാവാലിഒട്ടലാങ്കല്‍ മാര്‍ട്ടിന്‍(48), അമ്മ ക്ലാരമ്മ(65), ഭാര്യ സിനി മാര്‍ട്ടിന്‍(45), മക്കളായ സ്നേഹ മാര്‍ട്ടിന്‍(14), സോന മാര്‍ട്ടിന്‍ (12), സാന്ദ്ര മാര്‍ട്ടിന്‍(10) എന്നിവരുടെ മൃതദേഹങ്ങളാണ് കാവാലി സെന്റ് മേരീസ് പള്ളിയില്‍ എത്തിച്ചത്. വീടിരുന്ന സ്ഥലത്ത് ഒന്നും അവശേഷിച്ചിട്ടില്ലാത്തതിനാല്‍ പള്ളിയില്‍ തന്നെയാണ് പൊതു ദര്‍ശനം.

ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ മണ്ണിടിച്ചിലിലാണ് മാര്‍ട്ടിന്റെ കുടുംബം ഒന്നാകെ അകപ്പെട്ടു പോയത്. ശനിയാഴ്ച തന്നെ ക്ലാരമ്മ, സിനി, സോന എന്നിവരുടെ മൃതദേഹങ്ങള്‍ ലഭിച്ചു. ഇന്നലെയാണ് മാര്‍ട്ടിന്‍, സ്‌നേഹ, സാന്ദ്ര എന്നിവരുടെ മൃതദേഹങ്ങള്‍ ലഭിച്ചത്.

തുടര്‍ന്ന് ഒരുമിച്ച് സംസ്‌കാരം നടത്താന്‍ നിശ്ചയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ 12:30 ന് പള്ളിയില്‍ എത്തിക്കുകയായിരുന്നു. 2 കല്ലറകളിലായി സംസ്‌കാരം നടക്കും.

 

Top