‘രാമായണ’യില്‍ കുംഭകര്‍ണ്ണനായി ബോബി ഡിയോളും, ഹനുമാനായി സണ്ണി ഡിയോളും; അണിനിരക്കുന്നത് വമ്പന്‍ താരനിര

ബോളിവുഡില്‍ നിതേഷ് തിവാരി ഒരുക്കുന്ന ‘രാമായണ’ വമ്പന്‍ താരനിര. ചിത്രത്തില്‍ ഏറ്റവും ഒടുവില്‍ ചേര്‍ക്കപ്പെടുന്ന പേരാണ് സണ്ണി ഡിയോളിന്റെത്. രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ്, ബോബി ഡിയോള്‍, ലാറ ദത്ത എന്നിവരും താരനിരയില്‍ ഉണ്ട്. 2020ലാണ് നിര്‍മ്മാതാവ് മധു മണ്ടേന നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ രാമായണ ഒരുക്കുന്നതായി അറിയിച്ചത്. രാമനായി രണ്‍ബീര്‍ കപൂര്‍ എത്തുമ്പോള്‍ സീതയാവുക സായ് പല്ലവിയാണ്. യഷ് രാവണനെ അവതരിപ്പിക്കും. കുംഭകര്‍ണ്ണനായി ബോബി ഡിയോളിനെയും കൈകേയിയായി ലാറ ദത്തയെയുമാണ് പരിഗണിക്കുന്നത്. സണ്ണി ഡിയോള്‍ ഹനുമാനെ അവതരിപ്പിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

സമീപകാലത്ത് ബോളിവുഡ് കണ്ട ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു ഗദ്ദര്‍ 2ന്റെത്. സണ്ണി ഡിയോളിന്റെ ഗംഭീര തിരിച്ചുവരവ് സാധ്യമായ ചിത്രം 500 കോടി കടന്ന് കളക്ഷന്‍ നേടിയിരുന്നു. രാമായണയ്ക്ക് ശേഷം ആമിര്‍ ഖാന്‍ നിര്‍മ്മിക്കുന്ന ‘ലാഹോര്‍ 1947’ലാകും താരം അഭിനയിക്കുക. ഫെബ്രുവരിയില്‍ രാമായണയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. മൂന്ന് ഭാഗങ്ങളായി ഒരുക്കുന്ന ചിത്രത്തില്‍ സീതാ-രാമ കഥയും സീതയെ അപഹരിക്കുന്നതും പ്രമേയമാകും. ‘രാമായണ: പാര്‍ട്ട് വണ്‍’ ആണ് അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരിക്കുക. യഷിന്റെ ഭാഗം ജൂലൈയില്‍ ചിത്രീകരിക്കും. രണ്ടാം ഭാഗത്തിലാകും യഷിനെ ചുറ്റിപറ്റി കഥ വികസിക്കുക. വിഎഫ്എക്‌സില്‍ ഓസ്‌കര്‍ നേടിയ ഡിഎന്‍ഇജി എന്ന കമ്പനിയാണ് രാമായണത്തിന്റെ വിഷ്വല്‍ എഫക്ട് ഒരുക്കുന്നത്. ആലിയ ഭട്ട് സീതയാകുമെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍ ഡേറ്റ് ക്ലാഷ് വന്നതോടെ പിന്മാറുകയായിരുന്നു.

Top