ബേപ്പൂര്‍ ബോട്ട് അപകടത്തിനു കാരണം കപ്പല്‍ ഇടിച്ചതെന്നു രക്ഷപ്പെട്ട മത്സ്യ തൊഴിലാളികള്‍

കോഴിക്കോട്: എറണാകുളം മുനമ്പം കടപ്പുറത്തുനിന്നു പുറപ്പെട്ട മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടതു കപ്പല്‍ ഇടിച്ചതിനെ തുടര്‍ന്നാണെന്നു രക്ഷപ്പെട്ട തൊഴിലാളികള്‍.

രണ്ടുപേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചിരുന്നു. ഇവരാണ് കപ്പല്‍ ഇടിച്ചതിന്റെ സൂചനകള്‍ നല്‍കിയത്. അപകടത്തില്‍ നാലു തൊഴിലാളികളെ കാണാതാവുകയും ചെയ്തു.

ബേപ്പൂര്‍ തുറമുഖത്തുനിന്നു 50 നോട്ടിക്കല്‍ മൈല്‍ അകലെ(ഏകദേശം നൂറ് കിലോമീറ്റര്‍) ഉള്‍ക്കടലിലാണ് ഇമ്മാനുവല്‍ എന്ന പേരിലുള്ള ബോട്ട് മുങ്ങിയത്. മുങ്ങിത്താഴ്ന്നുകൊണ്ടിരുന്ന ബോട്ടിലെ രണ്ടുപേരെ കോഴിക്കോട് പുതിയാപ്പയില്‍ നിന്നു പോയ മത്സ്യത്തൊഴിലാളികള്‍ രക്ഷപെടുത്തി.

കാണാതായ നാലു പേര്‍ക്കുവേണ്ടി ഇതേ ബോട്ടിലെ മത്സ്യതൊഴിലാളികള്‍ തെരച്ചില്‍ നടത്തിയിട്ടും കാറ്റും കോളും രൂക്ഷമായതിനാല്‍ ശ്രമം വിജയിച്ചില്ല. നാലുപേരെ കാണാതായതായി കോസ്റ്റ്ഗാര്‍ഡും ബേപ്പൂര്‍ കോസ്റ്റല്‍ പോലീസും സ്ഥിരീകരിച്ചു. ഇവര്‍ക്കായി കോസ്റ്റ്ഗാര്‍ഡ് തെരച്ചില്‍ തുടരുകയാണ്.

Top