തിരുവനന്തപുരത്ത് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി മരിച്ചു. തുമ്പ സ്വദേശി എബ്രഹാം കോരയാണ് മരിച്ചത്. 61 വയസ്സായിരുന്നു. ശക്തമായ തിരയിലും ചുഴിയിലും പെട്ട് വള്ളം മറിഞ്ഞാണ് അപകടം ഉണ്ടായത്.

മത്സ്യബന്ധനത്തിനു പുറപ്പെട്ടപ്പോഴാണ് അപകടം സംഭവിച്ചത്. അപകട സമയത്ത് വള്ളത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. കൂടെയുള്ളവര്‍ എബ്രഹാമിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്.

തിരുവനന്തപുരം ജില്ലയില്‍ മത്സ്യബന്ധനം നിരോധിച്ചിരിക്കെയാണ് അപകടം. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

Top