ബോട്ട് അപകടം; സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല, കോസ്റ്റ്ഗാര്‍ഡിനെ പിന്തുണച്ച് ഫിഷറീസ് മന്ത്രി

കൊച്ചി: മത്സ്യബന്ധന ബോട്ടിനെ വിദേശ കപ്പല്‍ ഇടിച്ചുതകര്‍ത്ത സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ.

കോസ്റ്റ്ഗാര്‍ഡിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ല. അപകടമുണ്ടാക്കിയ കപ്പല്‍ അതിവേഗം കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത് കോസ്റ്റ്ഗാര്‍ഡിന്റെ ജാഗ്രതകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി.

പനാമയില്‍ രജിസ്റ്റര്‍ ചെയ്ത ആംബര്‍ എന്ന കപ്പലാണ് കൊച്ചിയില്‍നിന്നു മത്സ്യബന്ധനത്തിനുപോയ കാര്‍മല്‍ മാതാ എന്ന ബോട്ടിനെ ഇടിച്ചുതകര്‍ത്തത്. ഇടിച്ചശേഷം കപ്പല്‍ നിര്‍ത്താതെ പോയി. അപകടമുണ്ടാക്കിയ കപ്പല്‍ കോസ്റ്റ്ഗാര്‍ഡ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ബോട്ടില്‍ കപ്പലിടിച്ച് മത്സ്യത്തൊഴിലാളികള്‍ മരിച്ചിരുന്നു. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. കടലില്‍ വീണ ഒരാള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

കുളച്ചല്‍ സ്വദേശി തമ്പിദുരൈ, അന്യസംസ്ഥാന തൊഴിലാളി രാഹുല്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഉത്തരേന്ത്യയില്‍ നിന്നുള്ള മറ്റൊരു തൊഴിലാളിക്കായി തിരച്ചില്‍ തുടരുകയാണ്.

Top