അതിര്‍ത്തി തര്‍ക്കം; കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടകയുടെ അപ്പീല്‍

kerala-high-court

ന്യൂഡല്‍ഹി: കര്‍ണാടക- കാസര്‍കോട് അതിര്‍ത്തി തുറന്നുനല്‍കാനുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണാടക സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. ഗതാഗതം അനുവദിച്ചാല്‍ കൊവിഡ് പടരുമെന്ന് കാണിച്ചാണ് കര്‍ണാടക അപ്പീലില്‍ നല്‍കിയത്. അതേസമയം, കേരളം തടസഹര്‍ജി നല്‍കിയിരിക്കുകയാണ്. കേസ് വെള്ളിയാഴ്ച പരിഗണിക്കും.

സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയിലൂടെ രോഗികളെ കടത്തി വിടണമെന്ന കേരള ഹൈക്കോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനാണ് കര്‍ണാടക കാത്തിരിക്കുന്നത്. നിലവില്‍ കാസര്‍കോട് നിന്നുള്ള ആംബുലന്‍സുകള്‍ മംഗളൂരുവിലേയ്ക്ക് കടത്തിവിടേണ്ടെന്ന നിലപാടിലാണ് ദക്ഷിണ കന്നഡ ജില്ല ഭരണകൂടം. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിച്ച ശേഷം അതിര്‍ത്തി കടത്താന്‍ ചെക്ക്‌പോസ്റ്റില്‍ ഡോക്ടറെ വരെ നിയോഗിച്ച ശേഷമാണ് കര്‍ണാടകയുടെ നിലപാടു മാറ്റം.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശമനുസരിച്ച് മാത്രം അതിര്‍ത്തി തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുത്താല്‍ മതിയെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്. കാസര്‍കോട് ജില്ലയില്‍ കോവിഡ് – 19 രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രോഗികള്‍ക്ക് മംഗളൂരുവിലേയ്ക്ക് പ്രവേശനം നിഷേധിച്ചതെന്ന നിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുകയാണ് കര്‍ണാടക.

Top