ബിഎംഡബ്ല്യുവിന്റെ ജോണ്‍ കൂപ്പര്‍ വര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍

ബിഎംഡബ്ല്യുവിന്റെ ഏറ്റവും പുതിയ മോഡലായ ജോണ്‍ കൂപ്പര്‍ വര്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തി. മിനിയുടെ കൂപ്പര്‍, കണ്‍ട്രിമാന്‍ വാഹനങ്ങളെ പോലെ തന്നെ സ്പോര്‍ട്ടി ഭാവം കൈവരിച്ചാണ് ജോണ്‍ കൂപ്പര്‍ എഡിഷനും എത്തിയിട്ടുള്ളത്.

വളരെ മനോഹരമായ മിനുക്കുപണികളാണ് വാഹനത്തിന്റെ എക്സ്റ്റീരിയറില്‍ നല്‍കിയിട്ടുള്ളത്. ക്രോമിയം ഇന്‍സേര്‍ട്ടിന്റെ ആവരണത്തില്‍ നല്‍കിയിട്ടുള്ള ഹെക്‌സഗണ്‍ ആകൃതിയിലുള്ള റേഡിയേറ്റര്‍ ഗ്രില്‍, വലിയ ഹെഡ്ലൈറ്റ് ക്ലസ്റ്ററില്‍ നല്‍കിയിരിക്കുന്ന പ്രോജക്ഷന്‍ ഹെഡ്ലാമ്പും വൃത്താകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്ലും ഗ്രില്ലില്‍ നല്‍കിയിട്ടുള്ള ജോണ്‍ കൂപ്പര്‍ ബാഡ്ജിങ്ങും വാഹനത്തിന്റെ എക്സ്റ്റീരിയറിനെ മനോഹരമാക്കുന്നു.

ജോണ്‍ കൂപ്പറിന്റെ വശങ്ങളിലെ പ്രധാന ആകര്‍ഷണം വീല്‍ ബേസ് ഉയര്‍ത്തിയതിനൊപ്പം ബ്ലാക്ക് ഫിനീഷിങ്ങിലുള്ള വീതി കുറഞ്ഞ 17 ഇഞ്ച് അലോയ് വീലുകളാണ്.

വാഹനത്തിന്റെ ഇന്റീരിയറിനെ കൂടുതല്‍ മനോഹരമാക്കുന്നത് ബ്ലാക്ക് നിറത്തിലുള്ള ലെതറില്‍ തീര്‍ത്ത സ്പോര്‍ട്സ് സീറ്റുകളാണ്. സ്പോര്‍ട്ടിയും ഓട്ടോമാറ്റിക്കായി അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്നതുമായ സ്റ്റിയറിങ് വീല്‍, പാഡില്‍ ഷിഫ്റ്റ്, സ്റ്റീല്‍ പെഡല്‍, ജോണ്‍ കൂപ്പര്‍ വര്‍ക്സ് ബാഡ്ജിങ്ങുള്ള ഡോര്‍ സില്‍ എന്നിവയും ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

ഉയര്‍ന്ന ലെഗ്റൂം, ഹെഡ്റൂം എന്നിവയ്ക്കൊപ്പം വൃത്താകൃതിയിലുള്ള സെന്റര്‍ കണ്‍സോളും അതിന് ചുറ്റും നല്‍കിയിരിക്കുന്ന എല്‍ഇഡി ലൈറ്റും ഇന്റീരിയറിനെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു. പുതിയ മോഡലില്‍ നാവിഗേഷന്‍, ക്രൂയിസ് കണ്‍ട്രോള്‍, എമര്‍ജന്‍സി കോള്‍, ബ്ലൂ ടൂത്ത് എന്നീ സൗകര്യങ്ങളടങ്ങിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഒരുക്കിയിരിക്കുന്നത്.

വാഹനത്തിന് കരുത്തേകുന്നത് 231 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ്. 6.1 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിന് സാധിക്കും. വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന ഈ വാഹനത്തിന് 43.5 ലക്ഷം രൂപയാണ് വില.

Top