ബിഎംഡബ്ല്യുവിന്റെ മൂന്നാം തലമുറ എക്സ്6 ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചു . സ്പോര്‍ട്സ് ആക്ടിവിറ്റി കൂപ്പെ എന്ന പേരില്‍ എക്സ് ഡ്രൈവ് 40ഐ എക്സ്ലൈന്, എക്സ് ഡ്രൈവ് 40ഐ എം സ്പോട്ട് എന്നീ വകഭേദങ്ങളിലായി പെട്രോള്‍ എന്‍ജിനോടെയാണ് എക്സ് 6 വിപണിയിലെത്തിയത്. 95 ലക്ഷം രൂപയാണ് രണ്ടു വേരിയന്റുകളുടേയും ഡല്‍ഹി എക്സ്ഷോറൂം വില. ഉപഭോക്താക്കളുടെ ആവശ്യത്തിന് അനുസരിച്ച് വാഹനം കസ്റ്റമൈസ് ചെയ്യാമെന്നതാണ് പുതിയ എക്സ് 6ന്റെ പ്രധാന പ്രത്യേകത.
പൂര്‍ണമായി വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്താണ് മൂന്നാം തലമുറ എക്സ്6നെ ബിഎംഡബ്ല്യു ഇന്ത്യയിലെത്തിക്കുന്നത്. ഇല്ലുമിനേഷന്‍ ലൈറ്റുകളുള്ള സിഗ്നേച്ചര്‍ ഗ്രില്‍ (പ്രത്യേകം തിരഞ്ഞെടുക്കണം), ട്വിന്‍ പോഡ് ലേസര്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്ലാമ്പ്, ഡിആര്‍എല്‍, എല്‍ഇഡി ഫോഗ്ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബംമ്പര്‍ തുടങ്ങി എക്സ് 6 ന്റെ പുറം ഭാഗം മനോഹരമാക്കുന്ന ഫീച്ചറുകള്‍ നിരവധിയുണ്ട്. കൂപ്പേ ശൈലിയില്‍ ഒഴുകിയിറങ്ങുന്ന പിന് ഭാഗവും 20 ഇഞ്ച് ലൈറ്റ് അലോയ് വീലുകളും വാഹനത്തിന് നല്‍കുന്നുണ്ട്.
മൂന്നു ലീറ്റര്‍ ടര്‍ബൊ പെട്രോള്‍ എന്‍ജിനുള്ള വാഹനത്തിന് 340 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുണ്ട്. എട്ടു സ്പീഡ് ഓട്ടമാറ്റിക് ട്രാന്സ്മിഷന്. രണ്ടാം തലമുറ എക്സ് 6 നെക്കാള്‍ 26 എംഎം നീളവും 15 എംഎം വീതിയുമുണ്ട് പുതിയ മോഡലിന്. വീല്‍ബെയ്സ് 2975 എംഎം ഉയരം 1696 എംഎം.
വാഹനത്തിന് ആഡംബരം നിറഞ്ഞ ഉള്‍ഭാഗമാണ്. ഏറ്റവും പുതിയ ഐ ഡ്രൈവോടു കൂടിയ 12.3 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്ഫോടൈന്മെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫോര്‍ സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, പനോരമിക് സണ്‍റൂഫ്, മസാജ് സംവിധാനമുള്ള മള്‍ട്ടി ഫങ്ഷന് സീറ്റുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ പുതിയ എക്സ്6ല്‍ ഉണ്ട്.