പുത്തന്‍ ബിഎംഡബ്ല്യു X4 വിപണിയിലേക്ക്

പുത്തന്‍ ബിഎംഡബ്ല്യു X4 വിപണിയിലേക്ക് എത്തുന്നു. ചെന്നൈയില്‍ നിന്നും ബിഎംഡബ്ല്യു പ്രാദേശികമായി നിര്‍മ്മിക്കുന്ന പുതിയ X4 എസ്‌യുവി കൂപ്പെ പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ഉടന്‍ വിപണിയിലെത്തും. എക്‌സ്‌ഡ്രൈവ് 20d M സ്‌പോര്‍ട് X, എക്‌സ്‌ഡ്രൈവ് 30d M സ്‌പോര്‍ട് X എന്നിങ്ങനെ രണ്ടു ഡീസല്‍ വകഭേദങ്ങളുണ്ട് ഡീസല്‍ നിരയില്‍. എക്‌സ്‌ഡ്രൈവ് 30i M സ്‌പോര്‍ട് X മാത്രമെ പെട്രോള്‍ പതിപ്പായി കമ്പനി ഇറക്കിയിട്ടുള്ളു.

60.60 ലക്ഷം രൂപയാണ് എക്‌സ്‌ഡ്രൈവ് 20d M സ്‌പോര്‍ട് X ന്റെ വില. എക്‌സ്‌ഡ്രൈവ് 30d M സ്‌പോര്‍ട് X ന് 65.90 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. 63.50 ലക്ഷം രൂപയ്ക്കാണ് എക്‌സ്‌ഡ്രൈവ് 30i M സ്‌പോര്‍ട് X പെട്രോള്‍ ഷോറൂമുകളിലെത്തുക. ഇന്ത്യന്‍ വിപണിയില്‍ X4 ന് നേരിട്ടുള്ള എതിരാളികളില്ല.

എന്നാല്‍ റേഞ്ച് റോവര്‍ ഇവോഖ്, ഔഡി Q5, മെര്‍സിഡീസ് ബെന്‍സ് GLC തുടങ്ങിയ മോഡലുകള്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ ബിഎംഡബ്ല്യു X4 ന് കഴിയും. പുതുതലമുറ X3 മോഡലില്‍ നിന്നുള്ള പ്രചോദനം 2019 ബിഎംഡബ്ല്യു X4 ല്‍ നിറഞ്ഞുകാണാം.
കമ്പനിയുടെ പുതിയ CLAR അടിത്തറയാണ് X4 പങ്കിടുന്നത്. മോഡലുകളുടെ ഭാരം ഗണ്യമായി വെട്ടിക്കുറയ്ക്കാന്‍ CLAR അടിത്തറയ്ക്ക് കഴിയുന്നു. 7 സീരീസിലൂടെ കമ്പനി തുടക്കമിട്ട CLAR പ്ലാറ്റ്‌ഫോം അടുത്തകാലത്തായി പുതിയ ബിഎംഡബ്ല്യു കാറുകള്‍ക്ക് മുഴുവന്‍ ആധരമാവുകയാണ്.

മുന്‍മോഡലിനെക്കാള്‍ 81 mm നീളവും 37 mm വീതിയും 2019 X4 ന് കൂടുതലുണ്ട്. വീല്‍ബേസും 54 mm കൂടി. ഇത്തവണ കാറില്‍ കൂടുതല്‍ ലെഗ്‌റൂം ലഭിക്കുമെന്ന് കമ്പനി ഉറപ്പുപറയുന്നു. പുതിയ മോഡലിന്റെ ബൂട്ട് കപ്പാസിറ്റിയും 25 ലിറ്റര്‍ വര്‍ധിച്ചു. സൈഡ് സ്‌കേര്‍ട്ടുകള്‍, പിന്‍ ഡിഫ്യൂസര്‍, വലിയ 19 ഇഞ്ച് അലോയ് വീലുകള്‍, ഇരട്ട എക്‌സ്‌ഹോസ്റ്റ്, മേല്‍ക്കൂരയില്‍ സ്ഥാപിച്ച സ്‌പോയിലര്‍ എന്നിവയെല്ലാം X4 പ്രത്യേകതകളില്‍പ്പെടും.

ഉള്ളില്‍ സ്‌പോര്‍ട്‌സ് കാറുകളുടെ മാതൃകയില്‍ ബക്കറ്റ് സീറ്റുകളാണ് ഒരുങ്ങുന്നത്. ബിഎംഡബ്ല്യുവിന്റെ M ഡിസൈന്‍ ശൈലി പാലിക്കുന്ന സ്റ്റീയറിംഗ് വീലില്‍ പ്രത്യേക M ബാഡ്ജിംഗും കാണാം. പാനരോമിക് സണ്‍റൂഫ്, വൈദ്യുത ടെയില്‍ഗേറ്റ്, അഡാപ്റ്റീവ് സസ്‌പെന്‍ഷന്‍, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, 16 സ്പീക്കറുകളുള്ള ഹര്‍മന്‍ കര്‍ദോന്‍ ശബ്ദ സംവിധാനം, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ എന്നിങ്ങനെ ബിഎംഡബ്ല്യു X4 വിശേഷങ്ങള്‍ അവസാനിക്കുന്നില്ല.

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് X4 എസ്‌യുവി കൂപ്പെയുടെ പ്രാരംഭ ഡീസല്‍ വകഭേദത്തിലുള്ളത്. എഞ്ചിന് 190 bhp കരുത്ത് സൃഷ്ടിക്കാനാവും. ഏറ്റവും ഉയര്‍ന്ന ഡീസല്‍ എക്‌സ്‌ഡ്രൈവ് 30d മോഡലിന് 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറു സിലിണ്ടര്‍ എഞ്ചിന്‍ തുടിപ്പേകും. 265 bhp കരുത്തുണ്ട് എഞ്ചിന്.

Top