ഇലക്ട്രിക് വാഹനങ്ങളുടെ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ബിഎംഡബ്ല്യു

രാജ്യത്ത് വൈദ്യുത വാഹനങ്ങൾ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു (BMW). അതുകൊണ്ടുതന്നെ പരിമിതമായ എണ്ണം യൂണിറ്റുകൾക്കുള്ള ഇവികളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനായുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. അത്തരം വാഹനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനും പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുന്നതിനും ഡിമാൻഡ് സൃഷ്ടിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും കമ്പനിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

നിർമ്മാണ പ്രക്രിയയുടെ പ്രാദേശികവൽക്കരണത്തിലൂടെ ഡിമാൻഡ് സൃഷ്ടിക്കാൻ കഴിയുമെന്ന് ബിഎംഡബ്ല്യു കരുതുന്നു. കഴിഞ്ഞ 15 വർഷമായി കമ്പനി രാജ്യത്ത് വിൽക്കുന്ന നിരവധി വാഹനങ്ങൾ പ്രാദേശികമായി നിർമ്മിക്കുന്നു. ആദ്യം ഒരു മോഡലിന് ഡിമാൻഡ് സൃഷ്ടിക്കുകയും പിന്നീട് അത് പ്രാദേശികവൽക്കരിക്കുകയും ചെയ്യാനാണ് കമ്പനിയുടെ ശ്രമം.

“ഈ പുതിയ സാങ്കേതികവിദ്യകൾ ഭാവിയിൽ പ്രാദേശികവൽക്കരിക്കാനുള്ള സാധ്യതയുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, എന്നാൽ പ്രാദേശിക ഉൽപ്പാദനം ലാഭകരമാകുന്നതിന്) ഒരു വലിയ ഡിമാൻഡ് സൃഷ്ടിക്കേണ്ടതുണ്ട്..,” ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റും സിഇഒയുമായ വിക്രം പവ പിടിഐയോട് വ്യക്തമാക്കിയതായും ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

അടിസ്ഥാന സൗകര്യ വികസനത്തിന് മുമ്പ് ആദ്യം ആവശ്യം സൃഷ്ടിക്കുകയോ അല്ലെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയോ ചെയ്‍താൽ മാത്രമേ ഇത് നേടാനാകൂ എന്ന് പവ അറിയിച്ചു. അപ്പോഴേക്കും പൂര്‍ണ വളര്‍ച്ച പ്രാപിച്ച ഈ സാങ്കേതികവിദ്യകൾ പ്രാദേശികവൽക്കരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നീക്കത്തിനായി, കമ്പനി ഇറക്കുമതി തീരുവ കുറയ്ക്കാൻ ശ്രമിക്കുന്നതായി അദ്ദേഹം പറയുന്നു. ഇത് സംഭവിക്കുകയാണെങ്കിൽ, വാഹനനിർമ്മാതാക്കളെ ഇന്ത്യയിൽ നിർമ്മാണം തുടരാനും പുതിയ സാങ്കേതികവിദ്യകൾ വേഗത്തിൽ കൊണ്ടുവരാനും ഇത് സഹായിക്കുമെന്ന് പവ വിശദീകരിച്ചു.

രാജ്യത്തെ വൈദ്യുതീകരണ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി അടുത്ത ആറ് മാസത്തിനുള്ളിൽ മൂന്ന് ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ കൊണ്ടുവരാൻ പോകുകയാണെന്ന് ബിഎംഡബ്ല്യു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഓൾ-ഇലക്‌ട്രിക് ബിഎംഡബ്ല്യു ഐഎക്‌സിന് പിന്നാലെ മിനി ലക്ഷ്വറി ഹാച്ച്ബാക്ക് ഇവിയും ഇലക്ട്രിക് ബിഎംഡബ്ല്യു ഐ4 സെഡാനും ആണ് ബിഎംഡബ്ല്യു രാജ്യത്ത് ഉടന്‍ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഇലക്ട്രിക്ക് വാഹനങ്ങള്‍.

Top