പുതിയ ബിഎംഡബ്ല്യു S1000RR വിപണിയില്‍ എത്തി ; വില 18.50 ലക്ഷം രൂപ മുതല്‍

ബിഎംഡബ്ല്യു S1000RR ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. സ്റ്റന്‍ഡേര്‍ഡ്, പ്രോ, പ്രോ M സ്പോര്‍ട് എന്നിങ്ങനെ മൂന്നു വകഭേദങ്ങളിലാണ് ബൈക്ക് വില്‍പ്പനയ്ക്ക് എത്തുന്നത്. 18.50 ലക്ഷം രൂപ സ്റ്റാന്‍ഡേര്‍ഡ് വകഭേദം വില കുറിക്കും. പ്രോ വകഭേദം 20.95 ലക്ഷം രൂപയ്ക്കാണ് ഷോറൂമുകളിലെത്തുക. ഏറ്റവും ഉയര്‍ന്ന പ്രോ M സ്പോര്‍ട് മോഡലിന് 22.95 ലക്ഷം രൂപയാണ് വില (ദില്ലി ഷോറൂം).

ബിഎംഡബ്ല്യു S1000RR മോഡലുകളുടെ ബുക്കിങ് തുടങ്ങി. ഡിസൈനിലും എഞ്ചിന്‍ മുഖത്തും കാര്യമായ പരിഷ്‌കാരങ്ങള്‍ നേടിയാണ് ബൈക്കിന്റെ പുതിയ പതിപ്പ് കടന്നുവരുന്നത്. ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റ്, കോര്‍ണറിങ് എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, എഞ്ചിന്‍ ബ്രേക്കിങ് കണ്‍ട്രോള്‍, 6.5 ഇഞ്ച് വലുപ്പമുള്ള TFT സ്‌ക്രീന്‍ എന്നിവയെല്ലാം ബൈക്കിലെ ഫീച്ചറുകളില്‍പ്പെടും.

999 സിസി ഇന്‍ ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന്‍തന്നെയാണ് തുടരുന്നതെങ്കില്‍ 2019 S1000RR -ന്റെ കരുത്തുത്പാദനം ബിഎംഡബ്ല്യു കൂട്ടി. 207 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കാന്‍ എഞ്ചിന്‍ ഇപ്പോള്‍ പ്രാപ്തമാണ്. അതായത് മുന്‍തലമുറയെക്കാള്‍ 8 bhp കരുത്ത് പുതിയ മോഡലിന് കൂടുതല്‍.

ആറു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്. സ്ലിപ്പര്‍ ക്ലച്ച്, ക്വിക്ക് ഷിഫ്റ്റര്‍ യൂണിറ്റുകളുടെ പിന്തുണ ബിഎംഡബ്ല്യു S1000RR -ലുണ്ട്. ഭാരത്തിന്റെ കാര്യത്തിലും S1000RR ഏറെ മെച്ചപ്പെട്ടു. 196 കിലോയാണ് ബൈക്കിന്റെ ആകെ ഭാരം. പഴയ പതിപ്പിനെ അപേക്ഷിച്ച് 11 കിലോ കുറവാണിത്.

Top