ബിഎംഡബ്ല്യു മോട്ടറാഡ് 2021 മോഡല്‍ ആര്‍ 1250 ജിഎസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

ജര്‍മ്മന്‍ ആഡംബര ഇരുചക്ര വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു മോട്ടറാഡ് 2021 മോഡല്‍ ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ്, ആര്‍ 1250 ജിഎസ് അഡ്വഞ്ചര്‍ എന്നീ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സ്റ്റൈല്‍ ഐസ് ഗ്രേ, സ്റ്റൈല്‍ ട്രിപ്പിള്‍ ബ്ലാക്ക്, സ്റ്റൈല്‍ റാലി, 40 ഇയേഴ്‌സ് ഓഫ് ജിഎസ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ വിപണിയില്‍ ലഭിക്കും. യഥാക്രമം 20.45 ലക്ഷം രൂപയിലും 22.40 ലക്ഷം രൂപയിലുമാണ് ഇന്ത്യ എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.  പൂര്‍ണമായി നിര്‍മിച്ചശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയാണ്.

നിരവധി മാറ്റങ്ങളോടെയാണ് 2021 മോഡല്‍ എത്തുന്നത്. രൂപകല്‍പ്പനയില്‍ മാറ്റങ്ങളില്ല. 30 ഡിഗ്രിയില്‍ തിരിയുന്ന ഹെഡ്‌ലൈറ്റ് റിഫ്‌ളെക്റ്റര്‍ സഹിതം പുതിയ അഡാപ്റ്റീവ് കോര്‍ണറിംഗ് ലൈറ്റുകള്‍ രണ്ട് ബൈക്കുകളിലെയും പരിഷ്‌കാരമാണ്. എച്ച്എസ്‌സി പ്രോ എന്ന പേര് നല്‍കി ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍ (എച്ച്എസ്‌സി) സിസ്റ്റം പരിഷ്‌കരിച്ചതായി ബിഎംഡബ്ല്യു മോട്ടോറാഡ് അറിയിച്ചു. റൈഡറിനും പാസഞ്ചറിനുമായി ഹീറ്റഡ് സീറ്റുകള്‍, ഇപ്പോള്‍ അഞ്ച് വിധത്തില്‍ ചൂട് ക്രമീകരിക്കാവുന്ന ഹീറ്റഡ് ഗ്രിപ്പുകള്‍ എന്നിവ അധിക ഫീച്ചറുകളാണ്. ഇവയെല്ലാം ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോളിലൂടെ നിയന്ത്രിക്കാം.

പ്രത്യേക സ്റ്റോറേജ് കംപാര്‍ട്ട്‌മെന്റ്, വീതിയേറിയ എന്‍ഡ്യൂറോ ഫൂട്ട്‌റെസ്റ്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേഡ് വേരിയന്റിനേക്കാള്‍ അഡ്വഞ്ചര്‍ വകഭേദത്തിന്റെ അധിക ഫീച്ചറുകളാണ്. എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ചിട്ടുണ്ട്. പുതുതായി ‘ഇക്കോ’ റൈഡിംഗ് മോഡ് കൂടി നല്‍കി. മികച്ച ഇന്ധനക്ഷമത ലഭിക്കുന്നതിന് ത്രോട്ടില്‍ കര്‍വ് നിരപ്പാക്കുകയും ടോര്‍ക്ക് കുറയ്ക്കുകയും ചെയ്ത് എന്‍ജിനിലെ ഷിഫ്റ്റ്കാം സിസ്റ്റം ക്രമീകരിക്കുന്നതാണ് ഈ മോഡ്.

 

Top