ബിഎംഡബ്ല്യുവിന്റെ പുത്തന്‍ പ്രീമിയം ബൈക്കുകള്‍ വിപണിയില്‍

ബിഎംഡബ്ല്യുവിന്റെ മോട്ടോറാഡ് ആര്‍ 1250 ആര്‍, ആര്‍ 1250 ആര്‍ടി ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. പ്രീമിയം ബൈക്കുകളായ ആര്‍ 1250 ആറിന് 15.95 ലക്ഷം രൂപയും ആര്‍ 1250 ആര്‍ടിക്ക് 22.50 ലക്ഷം രൂപയുമാണു ഷോറൂം വില. ആധുനിക ബോക്‌സര്‍ എന്‍ജിനൊപ്പം ബിഎംഡബ്ല്യു ഷിഫ്റ്റകാം സാങ്കേതികവിദ്യയുമായാണ് ബൈക്കുകള്‍ എത്തിച്ചിരിക്കുന്നത്.

പോല്യുക്‌സ് മെറ്റാലിക് മാറ്റിനൊപ്പം ബ്ലാക്ക് സ്റ്റോം മെറ്റാലിക് നിറത്തിലാണ് ആര്‍ 1250 ആര്‍ എത്തുന്നത്. ആര്‍ 1250 ആര്‍ ടിയാവട്ടെ 719 ബ്ലൂ പ്ലാനറ്റ് മെറ്റാലിക് അല്ലെങ്കില്‍ ഓപ്ഷന്‍ 719 സ്പാര്‍ക്ലിങ് സ്റ്റോം മെറ്റാലിക് നിറക്കൂട്ടുകളിലാണു ലഭിക്കുക. മുന്‍ സ്‌പോയ്‌ലര്‍, സ്വര്‍ണ വര്‍ണമുള്ള ബ്രേക് കാലിപര്‍, റേഡിയേറ്റര്‍ കവര്‍, സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ടാങ്ക് കവര്‍ എന്നിവ ഇരു ബൈക്കുകളിലുമുണ്ട്.ഇരു മോഡലുകള്‍ക്കും കരുത്തേകുന്നത് 1,254 സിസി ഇരട്ട സിലിണ്ടര്‍, ഇന്‍ ലൈന്‍ ബോക്‌സര്‍ എന്‍ജിനാണ്. 7,750 ആര്‍പിഎമ്മില്‍ 136 പിഎസ് വരെ കരുത്തും 6,250 ആര്‍പിഎമ്മില്‍ 143 എന്‍എമ്മോളം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക.

ഇരു ബൈക്കിലും സ്റ്റാന്‍ഡേഡ് വ്യവസ്ഥയില്‍ ഇരട്ട റൈഡിങ് മോഡും ബിഎംഡബ്ല്യു ലഭ്യമാക്കുന്നുണ്ട്. ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ (എഎസ്‌സി), ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എബിഎസ് പ്രോ), ഹില്‍ സ്റ്റാര്‍ട് കണ്‍ട്രോള്‍ എന്നിവയും ബൈക്കുകളിലുണ്ട്.സീറ്റ് ഹീറ്റിങ്, സെന്‍ട്രല്‍ ലോക്കിങ് സംവിധാനം, ടയര്‍ പ്രഷര്‍ കണ്‍ട്രോള്‍, ആന്റി തെഫ്റ്റ് അലാം സിസ്റ്റം എന്നിവയും ബൈക്കുകളില്‍ ലഭ്യമാണ്.

ബൈക്കിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ നിരത്തുന്ന ആറര ഇഞ്ച്, കളര്‍ ടി എഫ് ടി സ്‌ക്രീന്‍ ‘ആര്‍ 1250 ആറി’ന്റെ സവിശേഷതയാണ്. മുന്‍ഗാമികളെ അപേക്ഷിച്ച് അധിക കരുത്താണ് ഇരു ബൈക്കുകളിലും ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നത്.

Top