ബിഎംഡബ്ല്യു സി400 ജിടി മാക്‌സി സ്‌കൂട്ടര്‍ ഇന്ത്യൻ വിപണിയിലേക്ക് !

ബിഎംഡബ്ല്യു മോട്ടോറാഡിന്റെ ആഡംബര മാക്‌സി സ്‌കൂട്ടറായ സി400 ജിടി ഒക്ടോബര്‍ 12-ന് എത്തുമെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വര്‍ഷം തുടക്കത്തില്‍ പരിഷ്‌ക്കരിച്ച ഏറ്റവും പുതിയ പതിപ്പ് തന്നെയായിരിക്കും ഇന്ത്യയിലേക്ക് എത്തുക. ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ വില്‍പ്പനയ്‌ക്കെത്തി വന്‍വിജയമായ മോഡലാണ് സി400 ജിടി പ്രീമിയം മാക്‌സി സ്‌കൂട്ടര്‍.

സ്പോര്‍ട്ടി ഡിസൈനും ചില പ്രീമിയം സവിശേഷതകളും നിറഞ്ഞതാണ് ബിഎംഡബ്ല്യു സി400 ജിടി. 350 സിസി, വാട്ടര്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് പ്രീമിയം മാക്‌സി സ്‌കൂട്ടറിന് തുടിപ്പേകുക. ഒരു സിവിടി ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ ഈ എഞ്ചിന്‍ പരമാവധി 34 ബിഎച്ച്പി കരുത്തില്‍ 35 എന്‍എം ടോര്‍ക്ക് സൃഷ്ടിക്കാന്‍ പ്രാപ്തമാണ്.

സി400 ജിടി പതിപ്പിന്റെ സസ്‌പെന്‍ഷന്‍ സംവിധാനത്തില്‍ മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്കറുകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ഒരു നല്ല റൈഡ്/ഹാന്‍ഡ്‌ലിംഗ് ബാലന്‍സാണ് വാഗ്ദാനം ചെയ്യുന്നത്. സ്‌കൂട്ടറിന് മുന്നില്‍ 15 ഇഞ്ച് വീലും 120/70 ടയറും പിന്നില്‍ 14 ഇഞ്ച് വീലും 150/70 ടയറുമാണുള്ളത്.

സ്മാര്‍ട്ട്‌ഫോണ്‍ കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, കീലെസ് ആക്‌സസ്, പൂര്‍ണ എല്‍ഇഡി ലൈറ്റിംഗ്, യുഎസ്ബി ചാര്‍ജിംഗ് സോക്കറ്റ്, സ്റ്റെബിലിറ്റി കണ്‍ട്രോള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, വലിയ വിന്‍ഡ്ഷീല്‍ഡ്, എര്‍ഗണോമിക് സീറ്റ്, ഉയര്‍ത്തിയ എക്‌സ്‌ഹോസ്റ്റ്, വലിയ ഗ്രാബ് റെയിലുകള്‍ എന്നിവയാണ് പ്രീമിയം മോഡലിന്റെ മറ്റു സവിശേഷതകള്‍.

പ്രീമിയം സ്‌കൂട്ടറിന്റെ വിലകള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിന് ഏകദേശം 6.5 ലക്ഷം രൂപ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ സി400 ജിടി മോഡലിനായുള്ള ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

 

Top