ബിഎംഡബ്ല്യു 7 സീരീസിനോട് തുല്യത പുലര്‍ത്തി പുതിയ സ്‌കോഡ സൂപ്പേര്‍ബ്

ഇത്തവണ രൂപഭാവത്തില്‍ ബിഎംഡബ്ല്യു 7 സീരീസിനെ ദൂരക്കാഴ്ചയില്‍ പകര്‍ത്താന്‍ ശ്രമിച്ചിരിക്കുകയാണ് സ്‌കോഡ. ഇതിനായി വാഹനത്തിന്റെ മുന്നിലെ ഗ്രില്ലും ബമ്പറും കമ്പനി പരിഷ്‌കരിച്ചു. ബട്ടര്‍ഫ്‌ളൈ ഗ്രില്ലിന് വലുപ്പം കൂട്ടി.

SKODA’ എന്ന എഴുത്ത് കൂടുതല്‍ വിസ്തീര്‍ണ്ണമുള്ളതാക്കി. ഔഡി കാറുകളെ പോലെ ഡയനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകളാണ് പുതിയ സൂപ്പേര്‍ബിലും. അടുത്തിടെ കമ്പനി കാഴ്ച്ചവെച്ച സ്‌കാലയിലും ഇതേ സവിശേഷതയുണ്ട്. രാജ്യാന്തര വിപണിയിലെത്തുന്ന സൂപ്പേര്‍ബ് സെഡാന്‍ ഹൈബ്രിഡ് സംവിധാനം അവകാശപ്പെടും.

മുന്‍തലമുറ ബിഎംഡബ്ല്യു 7 സീരീസിനെ ഓര്‍മ്മപ്പെടുത്താന്‍ പിന്‍ ബമ്പറുകള്‍ക്ക് കഴിയുന്നുണ്ട്. ടെയില്‍ലാമ്പുകളുടെ ഘടനയിലും കമ്പനി കൈകടത്തി. പതിവില്‍ നിന്നും വ്യത്യസ്തമായി ബ്രാന്‍ഡിംഗ് ശൈലിയിലും മാറ്റങ്ങള്‍ കാണാം.

ഹൈബ്രിഡ് സംവിധാനം ലഭിക്കുന്ന ആദ്യ സ്‌കോഡ കാറാണിത്. വൈദ്യുത മോട്ടോറും 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും അണിനിരക്കുമ്പോള്‍ 270 യവു വരെ കരുത്ത് സൂപ്പേര്‍ബ് കുറിക്കും. ഇതില്‍ 115 യവു കരുത്ത് വൈദ്യുത മോട്ടോറിന്റെ സംഭാവനയാണ്.

ഒറ്റ ചാര്‍ജ്ജില്‍ 70 കിലോമീറ്റര്‍ ദൂരംവരെ വൈദ്യുത കരുത്തിലോടാന്‍ സൂപ്പേര്‍ബിന് കഴിയുമെന്നാണ് സൂചന. ഇന്ത്യയില്‍ 1.8 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും സൂപ്പേര്‍ബില്‍ തുടരുക. നിലവില്‍ എഞ്ചിന് 177 bhp കരുത്തും 320 nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

നിലവില്‍ ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത് സ്‌കോഡയാണ്. ഈ വര്‍ഷം പകുതിയോടെ തന്നെ പുത്തന്‍ സൂപ്പേര്‍ബിനെ വിപണിയില്‍ പ്രതീക്ഷിക്കാമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Top