നീലചിത്ര നിര്‍മ്മാണ കേസ്; നടി ശില്‍പാ ഷെട്ടിക്ക് പങ്കില്ലെന്ന് പൊലീസ്

രാജ് കുന്ദ്രയ്ക്കെതിരായ നീലചിത്ര നിര്‍മ്മാണ കേസില്‍ ഭാര്യയും നടിയുമായ ശില്‍പാ ഷെട്ടിക്ക് പങ്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ശില്‍പ്പ ഷെട്ടിക്ക് പങ്കുള്ളത് സമ്പന്ധിച്ച് നിലവില്‍ തെളിവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംഭവത്തില്‍ സമ്മിശ്ര പ്രതികരണമാണ് ബോളിവുഡ് ലോകത്ത് നിന്ന് എത്തുന്നത്. ഇതൊക്കെ മനസ്സിലാക്കിയാണ് സിനിമമേഖല അഴുക്കുചാലാണെന്ന് താന്‍ നേരത്തെ പറഞ്ഞതെന്നായിരുന്നു കങ്കണ റണൗട്ടിന്റെ പ്രതികരണം. രാജ് കുന്ദ്രയ്ക്കെതിരെ നടി പൂനം പാണ്ടെ നേരത്തെ തന്നെ ക്രിമിനല്‍ കേസ് നല്‍കിയിരുന്നു. രാജ്കുന്ദ്ര നഗ്നയായി അഭിനയിക്കാന്‍ നിര്‍ദേശിച്ചെന്നായിരുന്നു പരാതി.

അതേസമയം നടി രാഖി സാവന്ദ്, ഗായകന്‍ മില്‍ക്കാ സിങ് എന്നിവര്‍ കുന്ദ്രയ്ക്ക് പിന്തുണയുമായെത്തി. തിങ്കളാഴ്ച അറസ്റ്റിലായ കുന്ദ്രയെ ജൂലൈ 23 വരെ മുംബൈ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റ് കോടതി പൊലീസ്‌ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. നീലചിത്രങ്ങള്‍ നിര്‍മ്മിച്ച് മൊബൈല്‍ ആപ്പ് വഴി പ്രദര്‍ശിപ്പിച്ചന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് 9 പേരെ നേരത്തെ ബോംബെ പൊലീസ് അസ്റ്റ് ചെയ്തിരുന്നു. നീലചിത്രനിര്‍മ്മാണ മാഫിയ സംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്.

കഴിഞ്ഞ ദിവസമാണ് വ്യവസായി രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. അശ്ലീല ചിത്രങ്ങള്‍ നിര്‍മിക്കുകയും ആപ്പുകള്‍ വഴി പ്രസിദ്ധീകരിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. പൊലീസ് ക്രൈം ബ്രാഞ്ചാണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയ്ക്കെതിരെ മതിയായ തെളിവുകള്‍ ലഭിച്ചതായി മുംബൈ പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഉടമസ്ഥാവകാശവും, ഐപിഎല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ് കുന്ദ്ര നേരത്തെ വിവാദത്തില്‍ അകപ്പെട്ടിരുന്നു. അതേസമയം, തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് രാജ് കുന്ദ്ര പറയുന്നു.

2004 ല്‍ സക്സസ് മാസിക പുറത്ത് വിട്ട ബ്രിട്ടിഷ് ഏഷ്യന്‍ ധനികരുടെ പട്ടികയില്‍ 198 ാം സ്ഥാനത്തായിരുന്നു രാജ് കുന്ദ്ര. ലണ്ടനില്‍ ജനിച്ച് വളര്‍ന്ന രാജ് കുന്ദ്ര 18ാം വയസിലാണ് ദുബായിലെത്തുന്നത്. പിന്നീട് നേപാളിലെത്തി പശ്മിന ഷാളുകളുടെ വ്യവസായം ആരംഭിക്കുകയും ബ്രിട്ടണിലെ ഭീമന്‍ ഫാഷന്‍ സംരംഭങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്ത് വ്യവസായ രംഗത്ത് ദശലക്ഷങ്ങള്‍ കൊയ്തു.

2013ല്‍ എസന്‍ഷ്യല്‍ സ്പോര്‍ട്ട്സ് ആന്റ് മീഡിയ എന്ന സ്ഥാപനവും, സത്യുഗ് ഗോള്‍ഡ്, സൂപ്പര്‍ ഫൈറ്റ് ലീഗ്, ബാസ്റ്റ്യന്‍ ഹോസ്പിറ്റാലിറ്റി എന്നീ സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ് കുന്ദ്രയും സഞ്ജയ് ദത്തും ചേര്‍ന്ന് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷ്ണല്‍ മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്ട്സ് ഫൈറ്റിംഗ് ലീഗാണ് സൂപ്പര്‍ ഫൈറ്റ് ലീഗ്.

2012 ജനുവരി 16നായിരുന്നു ഉദ്ഘാടനം. സ്വഛ് ഭാരത് മിഷന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 2019 ല്‍ ചാമ്പ്യന്‍സ് ഓഫ് ചേഞ്ച് പുരസ്‌കാരം രാജ് കുന്ദ്രയ്ക്ക് ലഭിച്ചിട്ടുണ്ട്. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് രാജ് കുന്ദ്ര 2009 ല്‍ ശില്‍പ ഷെട്ടിയെ വിവാഹം ചെയ്യുന്നത്.

 

 

 

Top