നീലച്ചിത്ര നിര്‍മാണ കേസ്‌; രാജ് കുന്ദ്രയുടെ ഹര്‍ജി തള്ളി

മുംബൈ : നീലച്ചിത്ര നിര്‍മാണത്തില്‍ അറസ്റ്റിലായ ബിസിനസുകാരനും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയുടെ ഹര്‍ജി തള്ളി ബോംബെ ഹൈക്കോടതി. മജിസ്ട്രേറ്റ് കോടതിയുടെ റിമാന്‍ഡ് റദ്ദാക്കണമെന്നും അടിയന്തരമായി വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട ഹര്‍ജിയാണ് ബോംബെ ഹൈക്കോടതി നിരസിച്ചത്.

രാജ് കുന്ദ്രയെ റിമാന്‍ഡ് ചെയ്ത മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ക്രിമിനല്‍ ചട്ടങ്ങള്‍ പ്രകാരമുള്ള സെക്ഷന്‍ 41 എ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജ് കുന്ദ്രയും കൂട്ടാളി റയാന്‍ തോര്‍പ്പും കോടതിയെ സമീപിച്ചത്.

ജൂലായ് 27നാണ് ഇരുവരെയും കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയടക്കം 12 പേരെയാണ് ജൂലൈ 19ന് പൊലീസ് അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്രയുടെ ലാപ്പ്ടോപ്പില്‍ നിന്ന് 68 വീഡിയോകള്‍ കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചിരുന്നു.

 

 

Top