നീലച്ചിത്ര നിര്‍മ്മാണക്കേസ്; രാജ് കുന്ദ്രയുടെ ജയില്‍ വാസം സിനിമയാകും

മുംബൈ: നീല ചിത്ര നിര്‍മ്മാണ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ അനുഭവം സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ കേസില്‍ 63 ദിവസമാണ് രാജ് കുന്ദ്ര ജയിലില്‍ കിടന്നത്. ഈ കാലയളവിലെ കഥയാകും ചിത്രം പറയുകയെന്നാണ് പിങ്ക്വില്ല റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ചിത്രത്തില്‍ രാജ് കുന്ദ്ര അഭിനയിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. ചിത്രത്തിന്റെ തിരക്കഥയിലും നിര്‍മാണത്തിലും രാജ് കുന്ദ്ര ഭാഗമാകും.

നീലച്ചിത്ര നിര്‍മാണത്തില്‍ രാജ് കുന്ദ്ര കോടികള്‍ മുടക്കിയിരുന്നതായി മുംബൈ പോലീസ് പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ശില്‍പ്പ ഷെട്ടി ഉള്‍പ്പടെയുള്ളവരുടെ മൊഴി എടുത്തിരുന്നു. താന്‍ കലാമൂല്യമുള്ള ചിത്രങ്ങളാണ് എടുത്തതെന്നും അതിനെ അശ്ലീലമായി ചിത്രീകരിച്ച് തന്നെ ബലിയാടാക്കിയതാണെന്നും രാജ്കുന്ദ്ര കോടതിയില്‍ വ്യക്തമാക്കിയിരുന്നു. തന്നെ അനാവശ്യമായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും രാജ് കുന്ദ്ര വാദിച്ചിരുന്നു.കേസില്‍ ജാമ്യം ലഭിച്ചശേഷം പൊതുവേദികളില്‍ രാജ് കുന്ദ്ര അധികം സജീവമായിരുന്നില്ല. 2009-ലാണ് കുന്ദ്രയും ശില്‍പ ഷെട്ടിയും വിവാഹിതരാകുന്നത്. ഇരുവര്‍ക്കും രണ്ട് കുട്ടികളാണുള്ളത്.

Top