കനത്ത മഴ; പമ്പ ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു

പത്തനംതിട്ട: പമ്പ ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് ജാഗ്രത നിര്‍ദേശം. ജില്ലയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. ജില്ലയിലുടനീളം ശക്തമായ മഴ പെയ്യുന്നുണ്ട്.

പമ്പ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. പമ്പ ഡാമില്‍ 982.00 മീറ്റര്‍, 983.50 മീറ്റര്‍, 984 .50 മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ് യഥാക്രമം നീല, ഓറഞ്ച്, റെഡ് അലേര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് .

ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലുമാണ് ഡാമില്‍ ബ്ലൂ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം.

Top