ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ മൂന്നാമതായി ബില്‍ഗേറ്റ്‌സ്

ന്യൂയോര്‍ക്ക്: ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയില്‍ മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ് രണ്ടില്‍നിന്ന് മൂന്നാം സ്ഥാനത്തേക്കു പിന്‍തള്ളപ്പെട്ടു. കഴിഞ്ഞ ഏഴു വര്‍ഷത്തെ ചരിത്രത്തില്‍ ഇതുവരെ ബില്‍ഗേറ്റ്‌സ് രണ്ടാം സ്ഥാനത്തിനു താഴെ പോയിരുന്നില്ല. ഫ്രാന്‍സിന്റെ ബര്‍ണാഡ് ആര്‍നോട്ട് ആണ് ബില്‍ഗേറ്റ്‌സിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയത്.

ആഡംബര വസ്തുക്കളുടെ നിര്‍മാതാക്കളായ ലൂയിസ് വ്യൂട്ടണിന്റെ മേധാവിയായ ആര്‍നോട്ടിന് 10,760 കോടി ഡോളറിന്റെ ആസ്തിയുണ്ട്. ബില്‍ഗേറ്റ്‌സിനാവട്ടെ 10,700 കോടി ഡോളറും. ബ്ലൂംബെര്‍ഗ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി ആകെ 12,500 കോടി ഡോളറാണ്.

രണ്ടാം സ്ഥനത്തുള്ള ആര്‍നോട്ടിന്റെ സ്വത്തില്‍ 3,900 കോടി ഡോളര്‍ ഈ വര്‍ഷം മാത്രം നേടിയതാണ്. 500 പേരുള്ള ബ്ലൂംബര്‍ഗ് റാങ്കിംഗില്‍ ഏറ്റവും വലിയ വ്യക്തിഗത നേട്ടവും ആര്‍നോട്ടിനാണ്. കഴിഞ്ഞ മാസമാണ് 10,000 കോടി ഡോളര്‍ ക്ലബ്ബില്‍ ആര്‍നോട്ട് കയറിയത്. പാരീസ് ആസ്ഥാനമായുള്ള എല്‍വിഎംഎച്ച് എന്ന കുടുംബ ഹോള്‍ഡിംഗ് കമ്പനിയെ നിയന്ത്രിക്കുന്ന ആര്‍നോട്ടിന് ഫാഷന്‍ ഹൗസ് ആയ ക്രിസ്റ്റ്യന്‍ ഡയോറിന്റെ 97 ശതമാനം ഓഹരികളും സ്വന്തമായുണ്ട്.

1984ല്‍ ക്രിസ്റ്റ്യന്‍ ഡയോറിന്റെ ഉടമസ്ഥതയിലുള്ള ടെക്‌സ്‌റ്റൈല്‍ ഗ്രൂപ്പിനെ സ്വന്തമാക്കിയാണ് അദ്ദേഹം ആഡംബരവസ്തുക്കളുടെ മാര്‍ക്കറ്റിലേക്ക് പ്രവേശിച്ചത്. നാലു വര്‍ഷത്തിനുശേഷം കമ്പനിയുടെ മറ്റ് ബിസിനസുകള്‍ വിറ്റു. പിന്നീട് എല്‍വിഎംഎച്ചിന്റെ ഭൂരിപക്ഷ ഓഹരികള്‍ സ്വന്തമാക്കി. ഈ വര്‍ഷം പ്രധാനമായും ഫ്രഞ്ച് വ്യവസായികള്‍ക്ക് നേട്ടമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Top