ഷാരോണിന്റെ മരണത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് രക്തപരിശോധനാഫലം

തിരുവനന്തപുരം: പാറശ്ശാലയിൽ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത വർധിപ്പിച്ച് രക്തപരിശോധനാ ഫലം. മരിച്ച ഷാരോൺ രാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 14-ാം തീയതിയിലെയും, 17-ാം തീയതിയിലെയും രക്തപരിശോധനാഫലങ്ങളാണ് പുറത്തു വന്നത്.

ആദ്യ രക്തപരിശോധനാ ഫലത്തിൽ ബിലിറൂബിൻ കൗണ്ട് ഒന്നാണ്. എന്നാൽ രണ്ടു ദിവസത്തിനിടെ ബിലിറൂബിൻ കൗണ്ട് അഞ്ചായി ഉയർന്നുവെന്ന് റിസൾട്ട് വ്യക്തമാക്കുന്നു. ആദ്യ രക്തപരിശോധനാ ഫലത്തിൽ ഷാരോണിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നാണ് വ്യക്തമാകുന്നത്.

ആന്തരികാവയവങ്ങൾക്കും കാര്യമായ തകരാറൊന്നും ആദ്യ പരിശോധനാഫലത്തിൽ സൂചിപ്പിക്കുന്നില്ല. ഷാരോണിന്റെ വൃക്കയും കരളും തകരാറിലായത് ദിവസങ്ങൾക്ക് ശേഷമാണെന്നും തുടർന്നുള്ള റിസൾട്ട് വ്യക്തമാക്കുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് ഷാരോൺ രാജ് മരിച്ചത്.

കഴിഞ്ഞ മാസം 14നാണ് റെക്കോഡ് ബുക്ക് തിരിച്ച് വാങ്ങാൻ മൂന്നാം വർഷ ബിഎസ്എസി വിദ്യാർത്ഥിയായ ഷാരോൺ സുഹൃത്ത് റെജിനൊപ്പം തമിഴ്‌നാട്ടിലെ രാമവർമ്മൻ ചിറയിലുള്ള പെൺകുട്ടിയുടെ വീട്ടിലെത്തിയത്. സുഹൃത്തിനെ പുറത്ത് നിർത്തിയ ശേഷം വീടിനകത്തേക്ക് പോയ ഷാരോൺ ഛർദ്ദിച്ചുകൊണ്ടാണ് തിരിച്ചിറങ്ങിയതെന്ന് റെജിൻ പറയുന്നു.

പെൺകുട്ടി നൽകിയ കഷായവും ജ്യൂസും കുടിച്ച് അവശനായ ഷാരോൺ രാജിനെ അന്നുതന്നെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് ഷാരോണിൻറെ ബന്ധുക്കൾ ആരോപിക്കുന്നത്. ഷാരോൺ രാജിനെ വിഷം നൽകി കൊല്ലുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ പരാതി.

നീതി തേടി മരിച്ച ഷാരോൺ രാജിൻറെ കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. ലോക്കൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നുമാണ് കുടുംബത്തിൻറെ ആവശ്യം. അതേസമയം ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജ്ജിതമാക്കുമെന്നാണ് പൊലീസ് പറയുന്നത്.

Top