ശ്രീനാഥ്‌ ഭാസി ലഹരി ഉപയോഗിച്ചോ എന്നറിയാൻ രക്ത സാമ്പിളുകൾ പരിശോധിക്കും

കൊച്ചി: ചട്ടമ്പി സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ശ്രീനാഥ്‌ ഭാസിക്കെതിരെ നടപടി കടുപ്പിച്ച് പൊലീസ്. അഭിമുഖത്തിന് വരുമ്പോൾ ഭാസി ലഹരി ഉപയോഗിച്ചിരുന്നോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ചോദ്യംചെയ്യലിനിടെ ശ്രീനാഥ്‌ ഭാസിയുടെ രക്തസാമ്പിൾ പൊലീസ് ശേഖരിച്ചിരുന്നു. ഇത് വിദഗ്ധ പരിശോധനക്ക് അയക്കും.

അതേസമയം, ഇന്റർവ്യൂ സംഘടിപ്പിച്ച ഹോട്ടലിലെ ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. നേരത്തെ പരാതിയിൽ അവതാരകയുടെ മൊഴി രേഖപ്പെടുത്തിയ മരട് പോലീസ് ഇന്നലെ ശ്രീനാഥ്‌ ഭാസിയെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി, സ്റ്റേഷൻ ജാമ്യത്തിലാണ് നടനെ വിട്ടത്.

ചോദ്യം ചെയ്യലിൽ ഓൺലൈൻ മാധ്യമ പ്രവർത്തകയുടെ ആരോപണങ്ങളെ നടൻ തള്ളിക്കളഞ്ഞു. അസഭ്യമായി താൻ അവതാരകയോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ശ്രീനാഥ്‌ ഭാസി പോലീസിന് നൽകിയ മറുപടി. അതേസമയം ഓൺലൈൻ മാധ്യമ പ്രവർത്തകയുടെ പരാതിയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, നടനും സിനിമയുടെ നിർമാതാവിനും, സിനിമയുടെ പിആർഒക്കും കത്ത് അയക്കാൻ തീരുമാനിച്ചു. നേരിട്ട് ഹാജരായി വിശദീകരണം നൽകാനാണ് ശ്രീനാഥ് ഭാസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Top