നാദിര്‍ഷയ്ക്ക് രക്തസമ്മര്‍ദ്ദം കൂടി ; പൊലീസ് ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചു

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ പൊലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തിയ സംവിധായകന്‍ നാദിര്‍ഷായെ ചോദ്യം ചെയ്യുന്നത് പൊലീസ് ഉപേക്ഷിച്ചു.

നാദിര്‍ഷായുടെ ആരോഗ്യനില മോശമായിനെ തുടര്‍ന്നാണ് പൊലീസ് ചോദ്യം ചെയ്യല്‍ ഉപേക്ഷിച്ചത്.

ആലുവ പൊലീസ് ക്ലബ്ബില്‍ ഡോക്ടമാരെത്തി നാദിര്‍ഷായെ പരിശോധിച്ചു. രാവിലെ ഒന്‍പതു മുപ്പതോടെയാണ് ചോദ്യം ചെയ്യലിനായി കോടതിയുടെ നിര്‍ദ്ദേശ പ്രകാരം നാദിര്‍ഷാ ആലുവ പൊലീസ് ക്ലബ്ബിലെത്തിയത്.

ചോദ്യം ചെയ്യലിനു മുമ്പുതന്നെ നാദിര്‍ഷായുടെ രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം കണ്ടുവെന്നും ഇതുമൂലം വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ചോദ്യം ചെയ്യല്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു.

ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നാദിര്‍ഷാ ഞായറാഴ്ചയാണ് ആശുപത്രി വിട്ടത്.

ദിലീപിനുവേണ്ടി ക്വട്ടേഷന്‍ തുക കൈമാറിയത് നാദിര്‍ഷായാണെന്ന പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചത്.

നടിയെ ആക്രമിക്കാനുളള ക്വട്ടേഷന്‍ തുകയായി 25,000 രൂപ നാദിര്‍ഷ തനിക്കു കൈമാറിയിരുന്നെന്നാണ് പള്‍സര്‍ സുനി മൊഴി നല്‍കിയത്. ഇതിനെതുടര്‍ന്ന്, ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ഹൈക്കോടതി നാദിര്‍ഷായ്ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.

നേരത്തേ, ദിലീപ് അറസ്റ്റിലാകുന്നതിനു മുന്‍പുള്ള ആദ്യഘട്ട ചോദ്യം ചെയ്യലില്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്നു. അന്നു 13 മണിക്കൂറോളമാണ് ഇരുവരെയും ചോദ്യം ചെയ്തത്.

ഒരുമിച്ചിരുത്തിയും വെവ്വേറെ ഇരുത്തിയുമായിരുന്നു ചോദ്യം ചെയ്യല്‍. പിന്നീടു ദിലീപ് അറസ്റ്റിലായശേഷം ഒട്ടേറെപ്പേരുടെ മൊഴികള്‍ അന്വേഷണ സംഘം ശേഖരിച്ചിരുന്നു. ഈ മൊഴികളും നാദിര്‍ഷായുടെ മൊഴികളും പരിശോധിച്ച അന്വേഷണ സംഘത്തിനു പൊരുത്തക്കേടുകള്‍ ഉണ്ടെന്നു വ്യക്തമായി.

എന്നാല്‍ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് അറസ്റ്റ് ചെയ്യാനാണെന്ന ഭീതിയില്‍ നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ജാമ്യാപേക്ഷ 18നു പരിഗണിക്കുന്നതിനായി മാറ്റിയ കോടതി, അന്വേഷണ സംഘത്തിനുമുന്നില്‍ ഹാജരാകണമെന്ന് നാദിര്‍ഷായോട് ആവശ്യപ്പെടുകയായിരുന്നു

Top