ബ്ലോഗിങ് സൈറ്റായ എക്സ് പ്രവർത്തനരഹിതം; മണിക്കൂറുകളായി എക്‌സിൽ പോസ്റ്റുകൾ കാണാൻ സാധികുന്നില്ല

മൈക്രോ ബ്ലോഗിങ് സൈറ്റായ എക്‌സ് പ്രവര്‍ത്തനരഹിതം. മണിക്കൂറുകളായി എക്സില്‍ പോസ്റ്റുകളൊന്നും കാണാന്‍ സാധിക്കുന്നില്ല. ഇന്ത്യയില്‍ രാവിലെ പതിനൊന്നോടെയാണ് എക്‌സിന്റെ പ്രവര്‍ത്തനം നിലച്ചത്. എന്നാല്‍ ആഗോള തലത്തില്‍ പുലര്‍ച്ചെ മുതല്‍ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്നാണ് വാര്‍ത്ത.സൈറ്റ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴിയോ ഡെസ്‌ക്ടോപ്പിലൂടെയോ പ്രവേശിക്കുമ്പോള്‍ ‘വെല്‍ക്കം ടു യുവര്‍ ടൈംലൈന്‍’ എന്നുമാത്രമാണ് കാണിക്കുന്നത്. ‘ട്വിറ്റര്‍ഡൗണ്‍’ എന്ന ഹാഷ്ടാഗും നിലവില്‍ ട്രെന്‍ഡിങ്ങാണ്.

വിവിധ വെബ്സൈറ്റുകളുടെയും സേവനങ്ങളുടെയും നിലയെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമാണ് ഡൗണ്‍ഡിറ്റക്ടര്‍. ബുദ്ധിമുട്ടിന് പിന്നില്‍ എന്താണ് കാരണമെന്ന് ഇതുവരെയും കൃത്യമായ വിവരമില്ല. കഴിഞ്ഞ മാര്‍ച്ച് ആറിനും സമാനമായി എക്‌സിന്റെ പ്രവര്‍ത്തനം മണിക്കൂറുകളോളം നിലച്ചിരുന്നു.അതേസമയം, ചില ഉപയോക്താക്കള്‍ക്ക് അവരുടെ പ്രൊഫൈലുകളില്‍ പരസ്യങ്ങളും സ്വന്തം ട്വീറ്റുകളും കാണാന്‍ കഴിയുന്നുണ്ട്. കൂടാതെ ഉപയോക്താക്കള്‍ക്ക് പ്ലാറ്റ്ഫോമില്‍ ഒരു നിര്‍ദിഷ്ട പ്രൊഫൈലിനായി തിരയാനും കഴിയും. എക്‌സ് നിശ്ചലമായതിനെ തുടര്‍ന്ന് നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെ ആശങ്ക പങ്കുവച്ചിരുന്നു.

മൈക്രോ ബ്ലോഗിങ് സൈറ്റ് തകരാര്‍ നേരിടുന്നതായി പുലര്‍ച്ചെ തന്നെ റിപ്പോര്‍ട്ട് വന്നിരുന്നു. ഉപയോക്താക്കള്‍ക്ക് സൈറ്റില്‍ പ്രവേശിക്കുന്നതിനും പ്രവര്‍ത്തനത്തിനും വ്യാപകമായ തടസം നേരിടുന്നുണ്ട്. പ്ലാറ്റ്‌ഫോം ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് എഴുപതിനായിരത്തിലധികം പരാതികള്‍ വന്നതായി ഡൗണ്‍ഡിറ്റക്ടര്‍ അറിയിച്ചിരുന്നു.

Top