ബ്ലോക്ക് ചെയിന്‍ കോഴ്സിന് പ്രിയമേറുന്നു ; അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കെ-ഡിസ്‌ക് നടത്തുന്ന ആക്സിലറേറ്റഡ് ബ്ലോക്ക് ചെയിന്‍ കൊംപീറ്റന്‍സി ഡെവലപ്മെന്റ് കോഴ്സിന് പ്രിയമേറുന്നു.

വാണിജ്യ രംഗത്ത് അതിവേഗം വളരുന്ന തൊഴില്‍ മേഖലയാണ് ബ്ലോക്ക് ചെയിന്‍ കോഴ്സിലൂടെ കെ – ഡിസ്‌ക് പരിചയപ്പെടുത്തുന്നത്. ഡിജിറ്റല്‍ വിവരങ്ങള്‍ വിതരണം ചെയ്യുന്നതിനും പരസ്പരം സൗകര്യത്തോടെ കൈമാറുന്നതിനും വേണ്ടിയുള്ള നൂതന ടെക്നോളജിയാണ് ബ്ലോക്ക് ചെയിന്‍. ഉദാഹരണത്തിന്, വരും കാലങ്ങളില്‍ നമ്മുടെ നിരത്തുകളില്‍ നിറയുന്ന ഇലക്ട്രിക് വാഹനങ്ങളിലെ ചാര്‍ജിംഗ്‌സംവിധാനം, ഡ്രൈവര്‍ ലൈസ് വാഹനങ്ങളുടെ പ്രവര്‍ത്തനം തുടങ്ങിയവ ബ്ലോക്ക് ചെയിനിലൂടെ ആവും സജീവമാകുക. ബ്ലോക്ക് ചെയിന്‍ പഠനത്തിനു മുന്നോടിയായി പഠിക്കേണ്ടുന്ന കോഴ്‌സ് ആണ് ഫുള്‍ സ്റ്റാക്ക് ഡെവലപ്പര്‍ കോഴ്‌സ്.

ആഗോളതലത്തില്‍ തന്നെ മികച്ച തൊഴില്‍ അവസരങ്ങളാണ് ഫുള്‍-സ്റ്റാക്ക്, ബ്ലോക്ക് ചെയിന്‍ ടെക്‌നോളോജി കോഴ്‌സ് പൂര്‍ത്തിയാകുന്നവര്‍ക്ക് ലഭിക്കുന്നത്. സമ്പദ് സേവനം, റിയല്‍ എസ്റ്റേറ്റ്, ആഗോള ഷിപ്പിങ്, ആരോഗ്യരക്ഷ, മൊബൈല്‍ ഇടപാടുകള്‍ തുടങ്ങിയ വിവിധ മേഖലകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് നിരവധി തൊഴില്‍ സാധ്യതകള്‍ ലഭ്യമാകുന്നു.

ടി സി എസ്, യു എസ് ടി ഗ്ലോബല്‍, സണ്‍ടെക്, ഇ വൈ, ബെക്കോണ്‍-ഇന്‍ഫോടെക്ക്, പിനെടെക്ക്, ഐ ബിസ് , മൊസാന്ത-ടെക്‌നോളജീസ്, എസ്എന്‍വൈഎം-ടെക്‌നോളജിസ് മുതലായ കമ്പനികള്‍ ഉള്‍പ്പെടെ 25 ഓളം ബഹുരാഷ്്ട്ര കമ്പനികള്‍ കെ-ഡിസ്‌ക് പ്രോഗ്രാം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക് തൊഴിലവസരം നല്‍കിയിരുന്നു.

തിരുവനന്തപുരം, എറുണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലാണ് കെ – ഡിസ്‌ക് പരിശീലനം നല്‍കുക. സയന്‍സ് വിഷയങ്ങളിലോ എന്‍ജിനീയറിങ്ങിലോ ബിരുദം-എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ, രണ്ടിനുമൊപ്പം മിനിമം കംപ്യൂട്ടര്‍ പ്രോഗ്രാമിങ് സ്‌കില്‍ ആണ് അപേക്ഷകര്‍ക്ക് വേണ്ട അടിസ്ഥാന യോഗ്യത. അവസാന തീയതി ജൂലായ് 6. പ്രവേശന പരീക്ഷ ജൂലായ് 13 ന് നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ഫോണ്‍ : 8078102119, 0471 -2700813 , വെബ്‌സൈറ്റ് : abcd.kdisc.kerala.gov.in

Top