ബ്ലാസ്റ്റേഴ്‌സിനെ കൈവിട്ട് ധീരജ് സിങ്; താരം ക്ലബ് വിടുന്നുവെന്ന് റിപ്പോര്‍ട്ട്

കേരള ബ്ലാസ്റ്റേഴ്‌സ് ഗോള്‍ കീപ്പര്‍ ധീരജ് സിങ് ക്ലബ് വിടുന്നുവെന്ന് റിപ്പോര്‍ട്ട്. താരം ഐ ലീഗ് ക്ലബായ ഈസ്റ്റ് ബംഗാളിലേക്ക് കൂടു മാറുന്നുവെന്നാണ് സൂചന. റിയല്‍ കാശ്മീരില്‍ നിന്ന് ബിലാല്‍ ഖാനെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് മുതല്‍ ധീരജ് സിങ് കേരള ബ്ലാസ്റ്റേഴ്സ് വിടുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

അടുത്ത ഐപിഎല്‍ സീസണ്‍ മുതല്‍ ഈസ്റ്റ് ബംഗാളും പങ്കാളികളാകാനുള്ള തയ്യാറെടുപ്പിലാണ്. അണ്ടര്‍ 17 ലോകകപ്പില്‍ പുറത്തെടുത്ത മികച്ച പ്രകടനത്തിന് പിന്നെലെയാണ് കഴിഞ്ഞ സീസണിന്റെ തുടക്കത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ധീരജ് സിങിനെ സ്വന്തമാക്കിയത്.

ഈ സീസണില്‍ സഹല്‍ അബ്ദുല്‍ സമദിന് ഒപ്പം കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച ഒരാളായിരുന്നു ധീരജ് സിങ്. ഇന്ത്യന്‍ അണ്ടര്‍ 23 ടീമിലും ധീരജ് സിങ് ഈ കാലയളവില്‍ കളിച്ചിരുന്നു. എവിടെയും എത്താതെ പോയ കഴിഞ്ഞ സീസണില്‍ നിന്ന് മോചിതരാവാന്‍ വേണ്ടി പുതിയ താരങ്ങളെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നതിനിടെയാണ് ധീരജ് സിങ് ബ്ലാസ്റ്റേഴ്സ് വിടുന്നത്.

Top