‘ഗോൾവനം’ തീർക്കാൻ മഞ്ഞപ്പട; ഓരോ ജില്ലയിലും ഒരു വൃക്ഷത്തൈ

കോഴിക്കോട്: ഇത്തവണ ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടുമ്പോള്‍ ആരാധകര്‍ക്കു മാത്രമല്ല പരിസ്ഥിതിയെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അതില്‍ ആഹ്ളാദിക്കാൻ കാരണമുണ്ട്. ഇക്കുറി കേരള ക്ലബ്ബ് നേടുന്ന ഓരോ ഗോളിനും കേരളത്തില്‍ 14 വൃക്ഷത്തൈകളാണ് നടാന്‍ പോകുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയാണ് വ്യത്യസ്തമായ ഗോള്‍ ആഘോഷം സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് മഞ്ഞപ്പട സംസ്ഥാന കമ്മിറ്റി അംഗം പ്രണവ് ഇളയാട്ട് പറഞ്ഞു.

ഓരോ ഗോളിനും ഓരോ ജില്ലയിലും ഒരു വൃക്ഷത്തൈ നടും. മഞ്ഞപ്പടയുടെ ജില്ലാതല കൂട്ടായ്മകള്‍ക്കാണ് ഇതിന്റെ ചുമതല. പൊതുസ്ഥലങ്ങളില്‍ നടുന്നതിന് പ്രധാന്യം നല്‍കും. കളിയില്‍ ടീം കൂടുതല്‍ ഗോളുകള്‍ നേടുന്നതിനനുസരിച്ച് തൈകളുടെ എണ്ണവും കൂടും.

ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ ഗോള്‍ ആഘോഷത്തെ പ്രകൃതിസ്‌നേഹവുമായി ചേര്‍ത്തുവെക്കുന്ന മാതൃക അധികമൊന്നുമില്ല. മഞ്ഞപ്പടയുടെ തീരുമാനത്തിന് ക്ലബ്ബും സൂപ്പര്‍ ലീഗും മികച്ച പിന്തുണ നല്‍കുന്നു.

Top