ബ്ലാസ്റ്റേഴ്‌സ് താരം എയ്ബനെതിരെ വംശീയാധിക്ഷേപം നടത്തി

ബ്ലാസ്റ്റേഴ്‌സ് താരം എയ്ബനെതിരെ വംശീയാധിക്ഷേപം നടത്തി

ഐഎസ്എല്ലില്‍ ഇന്നലെ നടന്ന കേരളാ ബ്ലാസ്റ്റേഴ്സ്-ബംഗുളൂരു എഫ്സി മത്സരത്തിനിടെ വംശീയാധിക്ഷേപം നടന്നതായി ആക്ഷേപം. ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം എയ്ബന്‍ ഡോഹ്ലിങ്ങിനെ വംശീയമായി അധിക്ഷേപിച്ചെന്ന് ആരോപിച്ച് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ രംഗത്തെത്തി. ബംഗളൂരു വിങ്ങര്‍ റയാന്‍ വില്യംസിനെതിരെയാണ് ആരാധകകൂട്ടായ്മയായ മഞ്ഞപ്പട രംഗത്തെത്തിയിരിക്കുന്നത്. താരത്തിനെതിരെ നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ദേശീയ ഫുട്‌ബോള്‍ അസോസിയേഷന്‍ അധ്യക്ഷന്‍ കല്യാണ്‍ ചൗബയെയും, സെക്രട്ടറി ഷാജി പ്രഭകരനെയും എക്‌സില്‍ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

വില്യംസിന്റെ പ്രവൃത്തിക്കെതിരെ ദേശീയ ഫുട്ബോള്‍ അസോസിയേഷനും ഇന്ത്യന്‍ സൂപ്പര്‍ ലീഗിനും പരാതി നല്‍കാന്‍ കേരള ബ്ലാസ്റ്റേഴ്സിനോട് ആവശ്യപ്പെടുമെന്ന് മഞ്ഞപ്പട എക്സില്‍ കുറിച്ചു. ഐഎസ്എല്ലും എഐഎഫ്എഫും വിഷയം പരിശോധിച്ച് കൃത്യമായ നടപടി എടുക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ എയ്ബന്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്നലെ നടന്ന മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ബംഗളൂരുവിനെ 2-1 ന് പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തിന്റെ 81ാം മിനിറ്റില്‍ ബാംഗ്ലൂര്‍ പ്രതിരോധത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എയ്ബനും വില്യംസും തമ്മില്‍ ഉരസലുണ്ടായി. അതിനിടെയാണ് വില്യംസ് എയ്ബന് നാറ്റമുള്ള തരത്തില്‍ സ്വന്തം മൂക്കില്‍ പിടിച്ചത്. വെള്ളക്കാര്‍ സൗത്ത് ഏഷ്യന്‍സിനെയും ആഫ്രിക്കക്കാരെയും വംശീയമായിഅധിക്ഷേപിക്കാന്‍ ഉപയോഗിച്ചിരുന്ന വാക്കാണ് ‘സെമെല്ലിങ് റാറ്റ്’. അതാണ് ഈ ആംഗ്യത്തിലൂടെ സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള ആംഗ്യം കാണിച്ചതിന് കളിക്കാര്‍ക്കെതിരെ രാജ്യാന്തര ഫുട്ബോളില്‍ പോലും കളിക്കാര്‍ക്കെതിരെ നടപടിയെടുക്കുകയും വിലക്കേര്‍പ്പെടുത്തുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇന്നലെ റഫറി വില്യംസിന് മഞ്ഞക്കാര്‍ഡ് പോലും നല്‍കാന്‍ തയ്യാറായില്ലെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

 

Top