അഡ്രിയാന്‍ ലൂണക്ക് പകരം ഉറുഗ്വേന്‍ സൂപ്പര്‍ താരത്തെ എത്തിക്കാന്‍ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്

കിരീടം ലക്ഷ്യമിട്ടിറങ്ങിയ ബ്ലാസ്റ്റേഴ്‌സിന് സീസണിന്റെ തുടക്കം മുതല്‍ തന്നെ തിരിച്ചടികള്‍ നേരിട്ടിരുന്നു. അതിലൊന്നാണ്
അഡ്രിയാന്‍ ലൂണക്കുണ്ടായ പരിക്ക്. ബ്ലാസ്റ്റേഴ്‌സിന്റെ ബുദ്ധികേന്ദ്രമായ ലൂണ പുറത്തായത് ടീമിന്റെ ആക്രമണത്തില്‍ നിഴലിച്ച മത്സരമായിരുന്നു പഞ്ചാബ് എഫ്‌സിക്ക് എതിരേ ഡല്‍ഹിയില്‍ അവസാനിച്ചത്. 1 – 0 നു ബ്ലാസ്റ്റേഴ്‌സ് ജയം നേടിയെങ്കിലും ലൂണയുടെ അഭാവം മഞ്ഞപ്പടയുടെ മുന്നേറ്റത്തില്‍ നിഴലിച്ചു. പരിക്ക് മൂലം താരത്തിന് മൂന്ന് മാസത്തേക്ക് പുറത്തിരിക്കേണ്ടി വരുമെന്ന് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

ഈ സീസണില്‍ ലൂണ വീണ്ടും കളിക്കാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. ഇത് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തിന് തിരിച്ചടിയാകും. അതുകൊണ്ടാണ് വരുന്ന ജനുവരിയില്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മികച്ച ഒരു വിദേശ താരത്തെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നത്.

അതുമായി ബന്ധപ്പെട്ട ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഉറുഗ്വേന്‍ സൂപ്പര്‍ താരം നിക്കോളാസ് ലോഡെയ്റോയെയാണ് ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 34 കാരനായ താരം ഇപ്പോള്‍ അമേരിക്കന്‍ ലീഗില്‍ കളിക്കുകയാണ്. മേജര്‍ ലീഗ് സോക്കറില്‍ നിലവില്‍ 33 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. താരത്തിന്റെ കരാര്‍ ഡിസംബര്‍ 31ന് മേജര്‍ ലീഗ് സോക്കര്‍ ലീഗ് ക്ലബ്ബുമായി അവസാനിക്കും. അത് കൊണ്ട് തന്നെ താരത്തെ ലോനില്‍ ടീമിലെത്തിക്കാനാവും ബ്ലാസ്റ്റേഴ്‌സിന്റെ ശ്രമം.

Top