ഐഎസ്എല്‍ ലീഗ് മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന് പരാജയം ; ആരാധകരോട് മാപ്പ് പറഞ്ഞ്‌ ജിങ്കന്‍

SANDES JINJAN

കൊച്ചി: ഐഎസ്എല്ലില്‍ ഈ വര്‍ഷത്തെ അവസാന ലീഗ് മത്സരത്തില്‍ ബെംഗളൂരിനെതിരെ പോരാടിയ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എന്നാല്‍, ബ്ലാസ്റ്റേഴ്‌സിന്റെ പരാജയത്തില്‍ ആരാധകരോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സന്ദേശ് ജിങ്കന്‍.

വലിയ പിന്തുണയാണ് ആരാധകര്‍ നല്‍കിയിരുന്നത്. ആരാധകര്‍ക്ക് വേണ്ടി ടീം വിജയിക്കേണ്ടതായിരുന്നു. പരാജയത്തിനൊപ്പം സൂപ്പര്‍ കപ്പില്‍ യോഗ്യത നേടാനാകാത്തതിലും നിരാശയുണ്ട്. കളിയില്‍ ഞങ്ങള്‍ക്ക് ഗോളടിക്കാന്‍ അവസരങ്ങളുണ്ടായിരുന്നു. പക്ഷെ അവസരങ്ങള്‍ മുതലെടുക്കാന്‍ ഞങ്ങള്‍ക്കായില്ല. ഫുട്‌ബോള്‍ എന്നാല്‍ അങ്ങനെയാണല്ലോ ജിങ്കന്‍ പറയുന്നു. എല്ലാ ബ്ലാസ്റ്റേഴ്‌സ് ആരാധകരോടും മാപ്പ് പറയുന്നതായും ജിങ്കന്‍ കൂട്ടിച്ചേര്‍ത്തു.

ഇഞ്ച്വറി ടൈമില്‍ ബെംഗളൂരിന്റെ ഇരട്ടഗോളില്‍ ബ്ലാസ്റ്റേഴ്‌സിന് മുട്ടുമടക്കേണ്ടി വന്നു. ഇതോടെ 18 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് പുറത്തായി. മത്സരം ജയിച്ച് സൂപ്പര്‍ ലീഗിലേക്കെങ്കിലും യോഗ്യത നേടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ആദ്യ പകുതിയില്‍ തുടക്കത്തിലെ മികച്ച അവസരങ്ങള്‍ കേരളത്തിന് ലഭിച്ചിരുന്നെങ്കിലും ഗോള്‍ നേടാന്‍ സാധിക്കാത്തത് കേരളത്തിന് തിരിച്ചടിയായി. അവസാന നിമിഷം ബെംഗളൂരു നേടിയ ഗോളില്‍ മഞ്ഞപ്പടയ്ക്ക് പരാജയം ഉറപ്പിക്കേണ്ടി വന്നു.

Top