ഹൈദരാബാദിനെ വീഴ്ത്തി ബ്ലാസ്റ്റേഴ്‌സിന്റെ പടയോട്ടം; പട്ടികയിൽ മൂന്നാമത്

ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സിയെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പടയോട്ടം. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദിനെ വീഴ്‌ത്തിയത്. 18-ാം മിനുറ്റില്‍ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സിനായി മത്സരത്തിലെ ഒരേ ഒരു ഗോൾ നേടി. അവരുടെ തട്ടകത്തിലെത്തി ഹൈദരാബാദിന്റെ വിജയക്കുതിപ്പ് അവസാനിപ്പിക്കാനും കേരള ബ്ലാസ്റ്റേഴ്‌സിനായി. കഴിഞ്ഞ സീസണിലെ തോല്‍വിക്ക് ബ്ലാസ്റ്റേഴ്‌സ് പകരം വീട്ടുകയും ചെയ്തു. സീസണില്‍ ഇതാദ്യമായാണ് ഹൈദരാബാദ് തോല്‍വി രുചിക്കുന്നത്.

ആവേശകരമായ ആദ്യപകുതിക്കാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. ആക്രമണവും പ്രത്യാക്രമണവും കണ്ട ആദ്യ നിമിഷങ്ങളില്‍ 18-ാം മിനുറ്റില്‍ ദിമിത്രിയോസ് കൃത്യതയാര്‍ന്ന ഫിനിഷിലൂടെ കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ദിമിത്രിയോസിന്റെ സൂപ്പര്‍ ഫിനിഷിംഗിന് പിന്നാലെ തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ ഹൈദരാബാദില്‍ കണ്ടു. ഹൈദരാബാദും ആക്രമണത്തില്‍ ഒട്ടും മോശമായിരുന്നില്ല. എന്നാല്‍ ഓഗ്‌ബെച്ചെയുണ്ടായിട്ടും ഹൈദരാബാദിന്റെ ശ്രമങ്ങള്‍ 45 മിനുറ്റുകളില്‍ ഗോളിന് വഴിമാറിയില്ല.

37-ാം മിനുറ്റില്‍ സഹലിന്‍റെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പാളിയില്ലായിരുന്നെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളിന്‍റെ ലീഡ് ഉറപ്പിച്ചേനേ. രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്താനും ഹൈദരാബാദ് ഒപ്പത്തിനൊപ്പമെത്താനും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോള്‍ മാറിനിന്നു. ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് ഹൈദരാബാദ് താരങ്ങള്‍ നിരന്തര ആക്രമണം നടത്തി.

ജയത്തോടെ ഏഴ് കളിയില്‍ 12 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഇത്രതന്നെ മത്സരങ്ങളില്‍ 16 പോയിന്‍റുള്ള ഹൈദരാബാദ് തലപ്പത്ത് തുടരുന്നു. 15 പോയിന്‍റുമായി മുംബൈ സിറ്റി എഫ്‌സിയാണ് രണ്ടാമത്.

Top