മഞ്ഞപ്പടയുടെ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബ്ലാസ്റ്റേഴ്‌സ്

കൊച്ചി:2023-24 ഐഎസ്എൽ സീസണിലേക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. ബ്ലാസ്റ്റേഴ്‌സിന്റെ ഉറുഗ്വേയ്ൻ സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ നയിക്കുന്ന സ്‌ക്വാഡില്‍ 29 താരങ്ങളാണുള്ളത്. ‘കേരളം നാളെ കളിക്കളത്തിലേക്ക്’ എന്ന കുറിപ്പോടെ ബ്ലാസ്‌റ്റേഴ്‌സ് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത്.

2023-24 സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ബെംഗളൂരു എഫ്‌സിയെ നേരിടും.ഈ വര്‍ഷം 11 പുതുമുഖ താരങ്ങളെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നേടാതെ പോയ കിരീടം തിരിച്ചു പിടിക്കുക എന്നത് ലക്ഷ്യമിട്ടാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്.

പരിചയസമ്പന്നരും യുവാക്കളുമായ മികച്ച കളിക്കാര്‍ ക്ലബ്ബിലുണ്ട്. രാഹുല്‍ കെ പി, സച്ചിന്‍ സുരേഷ്, നിഹാല്‍ സുധീഷ്, മുഹമ്മദ് അസ്ഹര്‍, മുഹമ്മദ് ഐമെന്‍, വിബിന്‍ മോഹനന്‍ എന്നിങ്ങനെ ആറ് മലയാളി താരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിലുള്ളത്. അഡ്രിയാന്‍ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്, മാര്‍ക്കോ ലെസ്‌കോവിച്ച്, മിലോഷ് ഡ്രിങ്സിക്, ക്വാമെ പെപ്ര, ഡെയ്സുകെ സകായ് എന്നീ ആറ് വിദേശ താരങ്ങളും സ്‌ക്വാഡിലുണ്ട്.

Top