Blast in ATM counter in Nedumbassery; suspects threat attempt

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കൗണ്ടര്‍ സ്‌ഫോടകവസ്തു ഉപയോഗിച്ചു അക്രമികള്‍ തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ 2.32ഓടെയായിരുന്നു സംഭവം. മൂന്ന് മാസം മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച എസ്.ബി.ഐയുടെ ദേശം ബ്രാഞ്ചിലാണ് സ്‌ഫോടനം നടന്നത്.

അങ്കമാലി ഭാഗത്തു നിന്ന് ബൈക്കില്‍ വന്ന രണ്ടംഗ സംഘം 2.31നാണ് കൗണ്ടറിന് പുറത്ത് സ്‌ഫോടകവസ്തു സ്ഥാപിച്ചതെന്ന് സി.സി ടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. ഉടന്‍ തന്നെ ഹെല്‍മറ്റ് ധരിച്ചെത്തിയ അക്രമികള്‍ ഓടി മാറുകയും സ്‌ഫോടനം നടക്കുകയുമായിരുന്നു. കൗണ്ടറിന്റെ ഗ്ലാസും മേല്‍ത്തട്ടും തകര്‍ന്നെങ്കിലും പണം സൂക്ഷിച്ചിരുന്ന ക്യാഷ് ബോര്‍ഡ് സുരക്ഷിതമാണ്.

വീണ്ടും സ്‌ഫോടനം നടത്താനുള്ള അക്രമികളുടെ ശ്രമം പൊലീസിന്റെ സ്‌പൈഡര്‍ നൈറ്റ് പെട്രോളിങ് വിഭാഗം എത്തിയതോടെ നടന്നില്ല. തുടര്‍ന്ന് ബൈക്കില്‍ ആലുവ ഭാഗത്തേക്ക് അക്രമികള്‍ കടന്നുകളഞ്ഞു.

സ്ഥലത്ത് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി. ഫോറന്‍സിക് വിദഗ്ധര്‍ എ.ടി.എം കൗണ്ടര്‍ പരിശോധിക്കുമെന്ന് നെടുമ്പാശേരി പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. പ്രാഥമിക നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top