പ്രവാചക നിന്ദ: നൂപുർ ശർമക്ക് പിന്നാലെ എംഎൽഎ രാജാ സിങ്ങും അറസ്റ്റിൽ

പ്രവാചക നിന്ദാ വിഷയത്തിൽ ബിജെപി വക്താവായിരുന്ന നൂപുർ ശർമക്ക് പിന്നാലെ വിവാദത്തിലായി മറ്റൊരു ബിജെപി എംഎൽഎ രാജാ സിങ്. പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണ് എംഎൽഎക്കെതിരെ ഹൈദരാബാദിൽ വ്യാപകമായ പ്രതിഷേധമുണ്ടായത്. സംഭവത്തെ തുടർന്ന് ഇന്ന് രാവിലെ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തു. യുട്യൂബിൽ ഷെയർ ചെയ്ത വീഡിയോയിൽ മുഹമ്മദ് നബിക്കെതിരെ അപകീർത്തികരമായ പരാമർശമുണ്ടെന്നും ബിജെപി എംഎൽഎയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി ഹൈദരാബാദിലെ ഓൾഡ് സിറ്റിയിലെ പൊലീസ് സ്റ്റേഷനുകൾക്ക് പുറത്ത് നിരവധി ആളുകൾ പ്രതിഷേധിച്ചിരുന്നു. ബഷീർബാഗിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് പുറത്ത് റോഡും പ്രതിഷേധക്കാർ ഉപരോധിച്ചു.

തിങ്കളാഴ്ച തെലങ്കാന ശ്രീറാം ചാനൽ വഴി പുറത്തുവിട്ട ‘ഫാറൂഖി കേ ആക കാ ഇതിഹാസ് സുനിയേ’ എന്ന തലക്കെട്ടിൽ 10 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലാണ് വിവാദ പരാമർശം. മുൻ ബിജെപി വക്താവ് നൂപുർ ശർമ്മ നടത്തിയ പരാമർശം പേരുകൾ പറയാതെ രാജാ സിങ്ങും ആവർത്തിച്ചു. വീഡിയോ പുറത്തുവന്നതോടെ അർദ്ധരാത്രി മുതൽ പ്രതിഷേധം ആളിക്കത്താൻ തുടങ്ങി. പ്രതിഷേധം തുടരുന്നതിനിടെ ചൊവ്വാഴ്ച ദബീർപുര പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

Top