കള്ളപ്പണ ഇടപാട്; പി ടി തോമസ് രാജി വെയ്ക്കണമെന്ന് സിപിഎം

കൊച്ചി: കൊച്ചിയില്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് മധ്യസ്ഥം വഹിച്ച പി.ടി. തോമസ് എം.എല്‍.എ. രാജിവെയ്ക്കണമെന്ന് സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി സെക്രട്ടറി സി.എന്‍ മോഹനന്‍. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും എം.എല്‍.എ. രാജിവെക്കാത്ത പക്ഷം സി.പി.എം. പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇടപ്പള്ളി അഞ്ചുമനയില്‍ നാല് സെന്റ് സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിനാണ് പി.ടി. തോമസ് എം.എല്‍.എ. മധ്യസ്ഥം വഹിച്ചത്. ഇവിടേക്ക് ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തുകയും ഭൂമി വില്പനക്കായി കൈമാറാന്‍ ശ്രമിച്ച 50 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കണ്ട പി.ടി. തോമസ് സ്ഥലത്തു നിന്ന് കടന്നുകളയുകയായിരുന്നെന്നും ഇടപാടില്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്നുമാണ് സി.പി.എം. ആരോപിക്കുന്നത്.

കരാറില്‍ പണം ബാങ്ക് അക്കൗണ്ടിലേക്ക് ഇടാമെന്നാണ്. എന്നാല്‍ സ്ഥലം ഉടമകള്‍ പണം ബാങ്ക് ഇടപാടിലൂടെ മതിയെന്ന് ആവശ്യപ്പെട്ടിട്ടും പണം നേരിട്ട് കൈമാറ്റം നടത്താമെന്ന് ഒക്ടോബര്‍ രണ്ടിന് എം.എല്‍.എയാണ് നിര്‍ദേശിച്ചതെന്നും സി.പി.എം. ആരോപിക്കുന്നു.

Top