കുഴല്‍പ്പണ കേസ്; സുരേന്ദ്രനെതിരെ വീണ്ടും തുറന്നടിച്ച് കെ. മുരളീധരന്‍

കോഴിക്കോട്: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ. മുരളീധരന്‍. ബിജെപി നേതാക്കള്‍ക്ക് എവിടെ നിന്നാണ് കോടികളുടെ കള്ളപ്പണം വരുന്നതെന്നറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്ന് മുരളീധരന്‍ ആരോപിച്ചു. ഇക്കാര്യം അന്വേഷിക്കാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.

രാജ്യസ്‌നേഹം പ്രസംഗിച്ച് നടന്നവര്‍ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് വച്ച് ജയിലില്‍ പോകേണ്ട ഗതികേടിലാണെന്നും മുരളീധരന്‍ പറഞ്ഞു ആരോപണവിധേയനായ വ്യക്തി നില്‍ക്കക്കള്ളിയില്ലാതെ തനിക്കെതിരെ ചിലത് പറയുന്നത് കേട്ടു. ബിജെപി ഭരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത് അന്വേഷിച്ച് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശരിയായ രീതിയില്‍ അന്വേഷിച്ചാല്‍ മോഡിയില്‍ വരെ എത്തുമെന്നും ഇന്നലെ മുരളീധരന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ കെ.സുരേന്ദ്രന്‍ രംഗത്ത് വന്നിരുന്നു.

Top