ഒരു കോടിയോളം രൂപയുടെ നിരോധിത നോട്ടുകള്‍ വയനാട്ടില്‍ നിന്നും പിടികൂടി

പുല്‍പ്പള്ളി: വയനാട്ടില്‍ വന്‍ കള്ളപ്പണ വേട്ട. ഒരുകോടി രൂപയുടെ നിരോധിത നോട്ടുകളാണ് പുല്‍പ്പള്ളിയില്‍ നിന്ന് പിടികൂടിയത്. നോട്ടുകള്‍ കൈമാറാന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തിനെ പോലീസ് പിടികൂടി. ഇരിട്ടി സ്വദേശികളായ രണ്ടുപേരും, വയനാട് സ്വദേശികളായ മുന്നുപേരുമാണ് പിടിയിലായത്.

മാനന്തവാടി ഡിവൈഎസ്പി കെ.എം. ദേവസ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് നിരോധിത നോട്ടുകള്‍ പിടികൂടിയത്. 50 ലക്ഷത്തിന്റെ ആയിരം രൂപ നോട്ടുകളും 50 ലക്ഷത്തിന്റെ 500 രൂപ നോട്ടുകളുമാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്.

മാരുതി ആള്‍ട്ടോ കാറില്‍ കുരുമുളക് ചാക്കില്‍ നോട്ടുകെട്ടുകള്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇവര്‍ ശ്രമിച്ചത്. പയ്യന്നൂരില്‍ നിന്നാണ് തങ്ങള്‍ നിരോധിച്ച നോട്ടുകള്‍ ശേഖരിച്ചതെന്നാണ് പിടിയിലായവര്‍ പോലീസിനോട് പറഞ്ഞത്. ബസിലാണ് നോട്ടുകെട്ടുകള്‍ പുല്‍പ്പള്ളിയിലെത്തിച്ചത്. അവിടെനിന്ന് കാറില്‍ കടത്താന്‍ ശ്രമിക്കവെ രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഇവരെ പിടികൂടുകയായിരുന്നു.

Top