സൂപ്പർ താരങ്ങൾ ഉൾപ്പെടെ വെട്ടിലാകും, കള്ളപ്പണത്തിന്റെ ഉറവിടം തേടി കേന്ദ്രം !

ള്ളപ്പണത്തിനെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതു സംബന്ധമായ പരിശോധനകള്‍ക്കും റെയ്ഡുകള്‍ക്കും കേന്ദ്ര ഏജന്‍സികളുടെ സംയുക്ത നീക്കം ഉടന്‍ തന്നെ ഉണ്ടാകും.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് വര്‍ദ്ധിക്കുന്നതും ഗൗരവമായാണ് കേന്ദ്രം കാണുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ സ്വര്‍ണ്ണക്കടത്തില്‍ ഇതിനകം തന്നെ അറസ്റ്റിലായിട്ടുണ്ട്. ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടിയിലേക്ക് നീങ്ങാനാണ് സി.ബി.ഐയുടെ തീരുമാനം. വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയ കേസിലെ മുഖ്യ സൂത്രധാരന്‍ അഭിഭാഷകനായിരുന്നു എന്നത് അന്വേഷണ സംഘത്തെ ഞെട്ടിച്ചിട്ടുണ്ട്. ഒമാനില്‍ നിന്നും തിരുവനന്തപുരം വിമാനതാവളത്തില്‍ ഇറങ്ങിയ പ്രതികളില്‍ നിന്നായി 25 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയിരുന്നത്.

എട്ടുതവണയായി 50 കിലോ സ്വര്‍ണ്ണം കടത്തിയതായി സെറീന എന്ന യുവതിയും ഡി.ആര്‍.ഐക്ക് മൊഴി നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്‍കാരനായ നദീം എന്നയാള്‍ പരിചയപ്പെടുത്തിയ ജിത്തുവാണ് തന്നെ ഇതിലേക്ക് വലിച്ചിഴച്ചതെന്നാണ് അവരുടെ മൊഴി. സ്വര്‍ണ്ണക്കടത്തിന് പിന്നിലെ പാക്ക് സാന്നിധ്യത്തെയും ഗൗരവമായാണ് കേന്ദ്ര ഏജന്‍സികള്‍ കാണുന്നത്. കൂടുതല്‍ കസ്റ്റംസ് ഉദ്യോഗസ്ഥരിലേക്കും ഇപ്പോള്‍ അന്വേഷണം നീണ്ടിട്ടുണ്ട്.

കള്ളപ്പണ വേട്ടയ്ക്ക് ചുമതലപ്പെട്ട ഇന്‍കം ടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരിലും സി.ബി.ഐ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
മുന്‍കാലങ്ങളില്‍ പിടിക്കപ്പെട്ടിട്ടുള്ളവര്‍ വീണ്ടും കുറ്റകൃത്യത്തില്‍ ഇടപ്പെടുന്നുണ്ടോ എന്നതും സി.ബി.ഐ പരിശോധിക്കുന്നുണ്ട്.

ഐ.എ.എസ്- ഐ.പി.എസ് ഉള്‍പ്പെടെയുള്ള കേന്ദ്ര കേഡറിലെ ഉദ്യോഗസ്ഥരുടെ വരുമാന സ്രോതസും പരിശോധിക്കപ്പെടും. ഇക്കാര്യത്തില്‍ ഐ.ബിയും സി.ബി.ഐയുമാണ് നിരീക്ഷണം നടത്തുന്നത്.

ഗുഡ്ഗാവില്‍ ഒരു ഐ.പി.എസ് ഓഫീസറുടെ വീട്ടില്‍ നിന്നും മയക്കുമരുന്ന് ശേഖരം പിടിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. കുറ്റകൃത്യങ്ങള്‍ നടത്തുന്ന ഉദ്യേഗസ്ഥരെ സര്‍വീസില്‍ നിലനിര്‍ത്തേണ്ടേന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നയം. സാമ്പത്തിക കുറ്റകൃത്യം നടത്തുന്ന ഉന്നതരെ സംരക്ഷിക്കുന്ന ഉദ്യേഗസ്ഥര്‍ക്കു മേലും ഇനി പിടിവീഴും.

സിനിമാ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ കള്ളപ്പണ ഇടപാടുകള്‍ സംബന്ധിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ നടന്ന പണമിടപാടുകള്‍ ഉള്‍പ്പെടെയാണ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി വിദേശത്ത് നിന്നും ഹവാല റാക്കറ്റു വഴിയാണ് കോടികള്‍ എത്തുന്നത്.

മലയാളത്തിലെ പല താരങ്ങളുടെയും സഹായികള്‍ ഹവാല കാരിയര്‍മാരാണെന്നും ഇതിനകം തന്നെ കണ്ടെത്തിയിട്ടുണ്ട്. സാറ്റ് ലൈറ്റ് റൈറ്റ് എന്ന രൂപത്തില്‍ ഓരോ താരവും വാങ്ങുന്ന തുകയുടെ കണക്കും ശേഖരിച്ചു കഴിഞ്ഞു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം മോഹന്‍ലാലാണ്. തൊട്ട് പിന്നാലെ മമ്മൂട്ടിയും ദിലീപും ഉണ്ട്. സാറ്റ് ലൈറ്റ് റൈറ്റും ഇവര്‍ക്ക് തന്നെയാണ് കൂടുതല്‍ ലഭിക്കുന്നത്.

ബോളിവുഡ്, കോളിവുഡ് താരങ്ങളുടെ സാമ്പത്തിക ഇടപാടുകളും ഇപ്പോള്‍ കര്‍ശന നിരീക്ഷണത്തിലാണ്. തമിഴകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം രജനീകാന്തിന് തന്നെയാണ്. തൊട്ട് പിന്നിലായി വിജയ്, അജിത്ത് തുടങ്ങിയ യുവതാരങ്ങളും ഉണ്ട്.

താരങ്ങളുടെ യഥാര്‍ത്ഥ പ്രതിഫലം എത്ര? നികുതി അടക്കുന്നത് എത്ര? തുടങ്ങിയ കാര്യങ്ങള്‍ കൂടി ശേഖരിച്ചാണ് നടപടിക്ക് ഒരുങ്ങുന്നത്.

സിനിമാ നിര്‍മ്മാണ കമ്പനികളെ സംബന്ധിച്ചും ഒരു പരിശോധന ഇപ്പോള്‍ നടക്കുന്നുണ്ട്. ബിനാമികളെ മുന്‍ നിര്‍ത്തി ചില ബാഹ്യശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന കണ്ടെത്തലിനെ തുടര്‍ന്നാണിത്. സി.ബി.ഐയും ഐ.ബിയും കണ്ണു തുറന്നതോടെ ഇന്‍കം ടാക്സ്, എന്‍ഫോഴ്സ്മെന്റ് ഡിപ്പാര്‍ട്ടുമെന്റുകളും ഉഷാറായി കഴിഞ്ഞു. പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഈ വകുപ്പുകളിലെല്ലാം ഉടന്‍ തന്നെ സ്ഥലമാറ്റത്തിനും സാധ്യത ഉണ്ട്. ഉദ്യോഗസ്ഥരുടെ ട്രാക്ക് റെക്കോര്‍ഡുകള്‍ പരിശോധിച്ച് മാത്രം നിയമനം നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

Top