ശ്വാസകോശം ദാനം ചെയ്യാന്‍ എടുത്ത ഡോക്ടര്‍മാര്‍ക്ക് കിട്ടിയത് വെറും ‘കല്‍ക്കരി’!

ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്… എന്ന് തുടങ്ങുന്ന പുകവലിക്ക് എതിരെയുള്ള പരസ്യം കേട്ടപ്പോള്‍ ചിലര്‍ക്ക് അതൊരു തമാശയായാണ് തോന്നിയത്. എന്നാല്‍ പുകവലിയുടെ അപകടം കൃത്യമായി വിളിച്ചോതുന്ന ആ പരസ്യം കൃത്യമായി ഫലംകണ്ടിരുന്നു. എന്നാല്‍ ഈ പരസ്യത്തെയെല്ലാം വെല്ലുവിളിക്കുന്ന ലോകം ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച പുകവലി വിരുദ്ധ പരസ്യം എന്ന ഖ്യാതിയാണ് ദിവസവും പുകവലിച്ച ഒരാളുടെ ശ്വാസകോശം നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ നേടിയത്.

കൊല്ലുന്ന ശീലം 30 വര്‍ഷത്തോളം തുടര്‍ന്ന ഒരാളുടെ ടാര്‍ പിടിച്ച് കറുത്ത ശ്വാസകോശമാണ് ചൈനയിലെ ജിയാംഗ്‌സുവില്‍ വുക്‌സി പീപ്പിള്‍സ് ഹോസ്പിറ്ററിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തത്. ആരോഗ്യമുള്ള പിങ്ക് നിറത്തിന് പകരം കറുത്ത് കല്‍ക്കരി പോലെയായ ശ്വാസകോശം ദശകങ്ങള്‍ നീണ്ട പുകവലിയുടെ അനന്തരഫലമാണ്. വിവിധ ശ്വാസകോശ രോഗങ്ങള്‍ പിടികൂടിയ 52കാരന്റെ ശ്വാസകോശം നീക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ 25 മില്ല്യണ്‍ തവണ ദര്‍ശിച്ച് കഴിഞ്ഞു.

‘ഇനിയും പുകവലിക്കാന്‍ ധൈര്യമുണ്ടോ?’ എന്ന ചോദ്യവുമായി ആശുപത്രിയാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അവയവങ്ങള്‍ ദാനം ചെയ്യാന്‍ ഒപ്പിട്ടിരുന്ന രോഗിയുടെ അവയവങ്ങള്‍ മരണശേഷം ഉപയോഗശൂന്യമാണെന്ന് ഡോക്ടര്‍മാര്‍ പെട്ടെന്ന് തിരിച്ചറിയുകയായിരുന്നു. മരണത്തിന് മുന്‍പ് രോഗി സിടി സ്‌കാനിന് വിധേയമായിരുന്നില്ല, മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ശ്വാസകോശം ദാനം ചെയ്യാനാണ് ഇത് പുറത്തെടുത്തത്. അപ്പോഴാണ് ഉപയോഗശൂന്യമാണെന്ന് ഡോക്ടര്‍മാര്‍ തിരിച്ചറിഞ്ഞത്.

പുകവലിക്കാന്‍ ചൈനക്കാര്‍ക്ക് ഇഷ്ടമാണെങ്കിലും ഇതുപോലൊരു പുകവലിക്കാരന്റെ ശ്വാസകോശം ആരും ഇഷ്ടപ്പെടില്ലെന്ന് ഡോക്ടര്‍ ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ 30 വര്‍ഷക്കാലമായി ഒരു പാക്കറ്റ് സിഗററ്റ് ദിവസേന വലിച്ചുകൂട്ടിയ വ്യക്തിയുടെ അവസ്ഥയാണ് ഉദാഹരണമായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

Top