വൈറ്റ്ഹൗസിന്റെ മുന്‍വശത്തെ തെരുവ് ഇനി ‘ബ്ലാക്ക് ലിവ്സ് മാറ്റര്‍ പ്ലാസ’

വാഷിങ്ടണ്‍: ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടുള്ള പ്രതിഷേധ സൂചകമായി വൈറ്റ് ഹൗസിന് മുന്‍വശത്തെ തെരുവിന് ‘ബ്ലാക്ക് ലിവ്‌സ് മാറ്റര്‍പ്ലാസ’ എന്ന് പുനര്‍നാമകരണം ചെയ്ത് വാഷിങ്ടണ്‍ ഡിസി മേയര്‍ മ്യൂറിയല്‍ ബൗസര്‍.

അന്താരാഷ്ട്ര മനുഷ്യവകാശ പ്രസ്ഥാനമാണ് ബ്ലാക്ക് ലിവ്‌സ് മാറ്റര്‍. മഞ്ഞ പെയിന്റ് ഉപയോഗിച്ച് വലിയ അക്ഷരങ്ങളില്‍ വൈറ്റ്ഹൗസിലേക്കെത്തുന്ന റോഡില്‍ ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്നെഴുതിക്കണമെന്നും കൂടാതെ വാഷിങ്ടണില്‍ നിന്ന് ഫെഡറല്‍ സൈനികരെ നീക്കണമെന്നും ഡൊണാള്‍ഡ് ട്രംപിനോട് ബൗസര്‍ ആവശ്യപ്പെടുകയും ചെയ്തു.

ആഴ്ചയുടെ അവസാനം ഡിസിയില്‍ നിരവധി പ്രതിഷേധപ്രകടനങ്ങള്‍ അരങ്ങേറുമെന്നാണ് കണക്കാക്കുന്നത്. അതേസമയം, പുനര്‍നാമകരണം ചെയ്ത തെരുവ് സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കുള്ള ഇടമായിരിക്കുമെന്ന് ബൗസര്‍ സൂചിപ്പിച്ചു.

ട്രംപിനോടുള്ള പരസ്യപ്രതിഷേധ പ്രതികരണമാണ് ബൗസറിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ സമാധാനപരമായി പ്രതിഷേധിക്കുന്നവരോട് അനുഭാവം പ്രകടിപ്പിക്കാനാണ് മേയര്‍ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് മേയറുടെ ഉദ്യോഗവൃന്ദത്തിലെ പ്രധാനിയായ ജോണ്‍ ഫാല്‍സിഷിയോ വ്യക്തമാക്കി.

പ്രതിഷേധപ്രകടനങ്ങളുടെ കേന്ദ്രമായ 16-ാം സ്ട്രീറ്റിന്റെ ഭാഗം പുനര്‍നാമകരണം നടത്തിയതായി ബൗസര്‍ ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

അതേസമയം, വാഷിങ്ടണ്‍ ഡിസിയില്‍ അനാവശ്യമായി വിന്യസിച്ചിരിക്കുന്ന സൈനികസംഘത്തെ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ട്രംപ് സ്വീകരിച്ചിരിക്കുന്ന പ്രാകൃതരീതിയിലുള്ള മാര്‍ഗങ്ങള്‍ കൂടുതല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തിലേക്ക് നയിക്കുമെന്നും മേയര്‍ ബൗസര്‍ വ്യാഴാഴ്ച ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.

Top