തമോഗര്‍ത്തം ക്യാമറാക്കണ്ണിലാക്കിയതിന് പിന്നില്‍ കേറ്റീ ബൗമന്‍ എന്ന പെണ്‍ബുദ്ധി

katie bouman

പ്രപഞ്ചത്തിലെ ഇരുണ്ടവശമായ തമോഗര്‍ത്തങ്ങളിലേയ്ക്ക് വെളിച്ചം വീഴാന്‍ സാധിച്ചതിനു പിന്നില്‍ കേറ്റീ ബൗമന്‍ എന്ന പെണ്‍ ബുദ്ധി. ചിത്രം പകര്‍ത്താന്‍ ഉപയോഗിച്ച ഇവന്റ് ഹൊറൈസണ്‍ ടെലിസ്‌കോപ്പുകളുടെ അല്‍ഗോരിതം വികസിപ്പിച്ചത് ഈ എംഐടി ബിരുദധാരിയാണ്.

ചരിത്രത്തിലാദ്യമായി തമോഗര്‍ത്തം (ബ്ലാക്ക് ഹോള്‍) ക്യാമറക്കണ്ണിലാക്കാന്‍ സാധിച്ചതിന്റെ നിറവിലാണ് ശാസ്ത്രലോകം.

ചിത്രം പുറത്തുവന്നതിന് ശേഷം ഇപ്പോള്‍ കേറ്റീയാണ് സോഷ്യല്‍ മീഡിയയിലെ താരം. കേറ്റീയുടെ പ്രോഗ്രാമാണ് ഇന്ന് ചരിത്രപരമായ പ്രോജക്റ്റിന്റെ വിജയത്തിന് കാരണമായത്.

2016ല്‍ നടത്തിയ ടെഡ് ടോക്കില്‍, ‘ഹൗ ടു ടെയ്ക്ക് എ പിക്ച്ചര്‍ ഓഫ് എ ബ്ലാക്ക് ഹോള്‍’ എന്നതിനെക്കുറിച്ച് കേറ്റി വിശദീകരിച്ചിരുന്നു. അടുത്ത രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ചിത്രം തയ്യാറാകുമെന്നും അന്ന് അവര്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്ത ഹോളിവുഡ് ചിത്രമായ ‘ഇന്റര്‍സ്‌റ്റെല്ലാറി’നെക്കുറിച്ചും അവര്‍ അന്നത്തെ പ്രഭാഷണത്തില്‍ പരാമര്‍ശിച്ചിരുന്നു.

ലോകത്തിന്റെ പലഭാഗത്തുള്ള ശാസ്ത്രജ്ഞര്‍ 2012 മുതലാണ് തമോഗര്‍ത്തങ്ങളുടെ ചിത്രമെടുപ്പ് സംബന്ധിച്ച പഠനങ്ങള്‍ നടത്തിയത്.

ഭൂമിയുടെ പല ഭാഗത്തായി സ്ഥാപിച്ചിരുന്ന 8 ഇവന്റ് ഹൊറൈസണ്‍ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചായിരുന്നു ഉദ്യമം. ഭൂമിയില്‍ നിന്നു 5 കോടി പ്രകാശവര്‍ഷം അകലെയുള്ള ‘മെസിയോ 87’ നക്ഷത്രസമൂഹത്തിലെ തമോഗര്‍ത്തത്തെയാണു ഇതിനായി കണ്ടെത്തിയത്. ഭീമാകാരമെന്നാണ് ഈ തമോഗര്‍ത്തെ ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്.

സൂര്യനേക്കാള്‍ 650 മടങ്ങ് പിണ്ഡവും ഭൂമിയേക്കാള്‍ മൂന്നു മില്യണ്‍ മടങ്ങ് വലുപ്പവും മെസിയോ 87 എന്ന തമോഗര്‍ത്തത്തിനുണ്ട്. 40 ബില്യണ്‍ കിലോമീറ്ററില്‍ പരന്നുകിടക്കുന്നതാണ് ഇത്.

ആസ്‌ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്‌സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ചിത്രത്തിന്റെ വിശദാംശങ്ങള്‍ ഉള്ളത്. നേരിട്ട് നിരീക്ഷിക്കാന്‍ കഴിയാത്ത, ദൃശ്യലോകത്തുനിന്ന് അപ്രത്യക്ഷമായ ഭീമന്‍ നക്ഷത്രങ്ങളായിരുന്നു ഇതുവരെ തമോഗര്‍ത്തങ്ങള്‍.

പ്രകാശത്തിനുപോലും പുറത്തുപോകാന്‍ കഴിയാത്തത്ര ഗുരുത്വാകര്‍ഷണമാണ് ബ്ലാക് ഹോളുകളുടെ പ്രത്യേക. അതുകൊണ്ടുതന്നെ ബ്ലാക്ക്‌ഹോളിനെ കാണാന്‍ സാദ്ധ്യമല്ല. ബ്ലാക്ക്‌ഹോളില്‍ നിന്നും നിന്നും ഒരു നിശ്ചിത അകലത്തിനുള്ളില്‍ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും ബ്ലാക്ക്‌ഹോള്‍ തനിക്കുള്ളിലേക്കു വലിച്ചു ചേര്‍ക്കും. എന്നാല്‍ ഈ പരിധിക്ക് പുറത്തുള്ളവയ്ക്ക് രക്ഷപ്പെടാം.

Top