ബ്ലാക്ക് ഫംഗസ്; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗികളില്‍ ബ്ലാക്ക് ഫംഗസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവും ചികിത്സയ്ക്കായി പ്രത്യേക മാര്‍ഗ നിര്‍ദേശവും പുറത്തിറക്കി ആരോഗ്യവകുപ്പ്. കോവിഡ് രോഗികളില്‍ ഫംഗസ് രോഗബാധ കണ്ടെത്താന്‍ പരിശോധന നടത്തണമെന്നാണ് പ്രത്യേക മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.

ഫംഗല്‍ ബാധയ്ക്ക് സാധ്യത ഐസിയുവിലെ രോഗികളിലും ഐസിയുവിലെ അന്തരീക്ഷത്തിലുമാണ്. അതുകൊണ്ട് തന്നെ എല്ലാ ഐസിയുകളിലും ഫംഗല്‍ ബാധ ഉണ്ടോയെന്ന് ഉടന്‍ തന്നെ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. അങ്ങനെ എവിടെയെങ്കിലും ഫംഗല്‍ ബാധ ഉണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. കോവിഡ് രോഗികളെ ഡിസ്ച്ചാര്‍ജ് ചെയ്യുമ്പോള്‍ ഫംഗല്‍ ബാധ ഉണ്ടാകാന്‍ ഉള്ള സാധ്യതയെക്കുറിച്ച് ബോധവത്ക്കരിക്കണം.

ഗുരുതര പ്രമേഹ രോഗികളിലാണ് കൂടുതലായി ഫംഗല്‍ ബാധ കണ്ടുവരുന്നത്. അവര്‍ക്ക് പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കണം. ഫംഗല്‍ ബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അത് ആരോഗ്യവകുപ്പിനെ അറിയിക്കണമെന്നുള്ള നിര്‍ദേശം രോഗികള്‍ക്ക് നല്‍കണം. ഫംഗല്‍ ബാധ തടയാന്‍ മാസ്‌ക് ഫലപ്രദമായി ഉപയോഗിക്കണം. മാസ്‌ക് ഉപയോഗം കൃത്യമായി പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

Top