കോവിഡിനൊപ്പം ബ്ലാക്ക് ഫംഗസ് ബാധയും; കാഴ്ച പോകുമെന്ന്

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡിനെ അതിജീവിച്ച 8 പേര്‍ ബ്ലാക്ക് ഫംഗസ് (Mucormycosis) ബാധകാരണം മരണമടഞ്ഞുവെന്ന് സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിഎംഇആര്‍) ഡയറക്ടര്‍ ഡോ. തത്യാറാവു ലഹാനെ. നിലവില്‍ 200 പേര്‍ ചികിത്സയിലാണ്. കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുര്‍ബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നത്. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഇതിനു വഴിയൊരുക്കുന്നു.

മ്യൂകോര്‍ എന്ന ഫംഗസാണ് മ്യൂകോര്‍മൈകോസിസ് രോഗത്തിന് കാരണമെന്നും തണുത്ത പ്രതലത്തിലാണ് ഇവ കണ്ടുവരുന്നതെന്നും നിതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു. കോവിഡ് രോഗിയെ ഓക്‌സിജന്‍ സഹായത്തില്‍ കിടത്തുമ്പോള്‍ അതിലെ ഹ്യുമിഡിഫയറില്‍ അടങ്ങിയ വെള്ളം അണുബാധ ഉണ്ടാകാനുള്ള സാഹചര്യം വര്‍ധിപ്പിക്കുന്നതാണ് ഫംഗസ് ബാധയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഫംഗസ് വളരെ വേഗം രോഗികളെ ബാധിക്കുകയും വ്യാപിക്കുകയും ചെയ്യുന്നതായാണ് കണ്ടുവരുന്നതെന്ന് ഡോ. ലഹാനെ മുന്നറിയിപ്പ് നല്‍കി. ഇത് തലച്ചോറിനെ ബാധിച്ചാല്‍ മരണത്തിന് കാരണമാകുന്നു. ഈ അവസരത്തില്‍ രോഗിയുടെ ഒരു കണ്ണ് പൂര്‍ണമായും എടുത്തു കളഞ്ഞാല്‍ ജീവന്‍ നിലനിര്‍ത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധശേഷി കുറഞ്ഞവര്‍, പ്രമേഹ രോഗികര്‍, അവയവമാറ്റം നടത്തിയവര്‍ എന്നിവരിലാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണുവേദന, മുഖ വീക്കം, തലവേദന, പനി, മൂക്കടപ്പ്, കാഴ്ചക്കുറവ് എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. മരണകാരിയായ ബ്ലാക്ക് ഫംഗസ് പലര്‍ക്കും അന്ധതയ്ക്കും കാരണമാകാറുണ്ടെന്നും ലഹാനെ അറിയിച്ചു. ഈ രോഗം ബാധിച്ചാല്‍ രോഗിക്ക് 21 ദിവസത്തേക്ക് ഒരു പ്രത്യേക കുത്തിവയ്പ്പ് നല്‍കേണ്ടതുണ്ട്. എന്നാല്‍ ഇതിന്റെ ചെലവ് പ്രതിദിനം 9000 രൂപയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സൂറത്തിലും കോവിഡ് ഭേദമായവരില്‍ ഇതേ രോഗം കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൂറത്തിലെ കിരണ്‍ സൂപ്പര്‍ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രി ചെയര്‍മാന്‍ മഥുര്‍ സവാനിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂന്നാഴ്ച മുന്‍പാണു മ്യൂകോര്‍മൈകോസിസ് കണ്ടെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

Top